സിൽവർ ലൈൻ: സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; സംയമനം പാലിക്കാൻ പൊലീസിന് നിർദ്ദേശം

 


തിരുവനന്തപുരം: സിൽവർ ലൈനെതിരെ ഇന്നും സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം. മലപ്പുറം തിരുനാവായയിലെ സർവ്വേ ജനങ്ങൾ സംഘടിച്ചതിനെ തുടർന്ന് മാറ്റി. ചോറ്റാനിക്കരയിലും കോട്ടയം നട്ടാശ്ശേരിയിലും നാട്ടുകാർ സംഘടിച്ചെത്തി. പൊലീസ് സംയമനം പാലിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകി. പ്രകോപനം പാടില്ലെന്ന് എസ്പിമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എറണാകുളം ചോറ്റാനിക്കരയിൽ നാട്ടുകാർ സംഘടിച്ച് നിൽക്കുകയാണ്. കെ റെയിൽ സംഘത്തെ തടയുമെന്നാണ് ഇവർ പറയുന്നത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ട്. പ്രതിഷേധത്തിന് കോൺഗ്രസ് പ്രാദേശിക നേതാക്കളാണ് നേതൃത്വം നൽകുന്നത്. 

സിൽവർ ലൈൻ പദ്ധതിക്കെതിരെ കൊല്ലം കളക്ടേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. സിൽവർ ലൈൻ വിരുദ്ധ കല്ല് കളക്ട്രേറ്റിൽ സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ ഗേറ്റിന് മുന്നിൽ സമരക്കാരെ പൊലീസ് തടഞ്ഞു. 

കോട്ടയം നട്ടാശ്ശേരിയിൽ സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. കോഴിക്കോട് കല്ലായിയിൽ സിൽവർ ലൈൻ സർവേ നടപടികൾ തുടങ്ങി. വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. ഇവിടെ സർക്കാർ ഭൂമിയിൽ കല്ലിടുന്നതിനെ നാട്ടുകാർ എതിർത്തില്ല. ജനവാസ മേഖലയിലേക്ക് കടന്നാൽ തടയുമെന്നാണ് ജനങ്ങളുടെ നിലപാട്.

മലപ്പുറം തിരുനാവായയിൽ സിൽവർ ലൈൻ സർവേ മാറ്റിയെങ്കിലും, സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടി നിൽക്കുകയാണ്. പ്രതിഷേധം കണക്കിലെടുത്താണ് സർവേ മാറ്റിയത്. അതിനിടെ സിൽവര്‍ ലൈൻ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കള്‍ ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സാധാരണക്കാരെ ജയിലിലാക്കാൻ അനുവദിക്കില്ല. ധാര്‍ഷ്ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

എന്നാൽ പ്രതിഷേധങ്ങൾ കണ്ട് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. കല്ലെടുത്ത് കളഞ്ഞാൽ പദ്ധതി ഇല്ലാതാകില്ല. കോൺഗ്രസിന് പിഴുതെറിയാൻ, വേണമെങ്കിൽ കല്ലെത്തിച്ച് കൊടുക്കാമെന്നും കോടിയേരി പരിഹസിച്ചു.


0/Post a Comment/Comments