സാമൂഹിക സാമ്പത്തിക സര്‍വെ ജൂലൈയില്‍


79ാമത് സാമൂഹിക സാമ്പത്തിക സര്‍വെ ജൂലൈയില്‍ തുടങ്ങും. വിദ്യാഭ്യാസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ മൊഡ്യൂളുകള്‍ ചേര്‍ന്ന സര്‍വെയും ആയുഷ് സര്‍വെയുമാണ് 79 ആം റൗണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ആയുഷ് സംബന്ധിച്ച് പൂര്‍ണതോതില്‍ എന്‍.എസ്.ഒ നടത്തുന്ന ആദ്യത്തെ വാര്‍ഷിക സര്‍വെ ആണിത്. കുടുംബത്തിലെ മൂന്ന് വയസ്സിന് മുകളിലുള്ള ഓരോ അംഗവും പ്രീപ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ചെയ്ത വിവിധ കോഴ്‌സുകളും വിദ്യാഭ്യാസ നിലവാരവും  രേഖപ്പെടുത്തും. 

കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കാനും ഇമെയില്‍ അയക്കാനും സ്വീകരിക്കാനും ഇവര്‍ക്ക് കഴിവുണ്ടോ എന്ന വിവരവും ശേഖരിക്കും. 

ഇന്റര്‍നെറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വിവരങ്ങളുടെ ആധികാരികത മനസ്സിലാക്കല്‍, സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കല്‍, പ്രൈവസി സെറ്റിംഗ്‌സ് ഉപയോഗിക്കലും സ്വന്തം വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കലും, ഫയലുകള്‍ കൈമാറ്റം ചെയ്യല്‍, ഇലക്ട്രോണിക് പ്രസന്റ്റേഷന്‍ തയ്യാറാക്കല്‍, ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് സോഫ്റ്റ് വെയറുകളും ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡും ഇന്‍സ്റ്റാളും ചെയ്യല്‍, അറ്റാച്ച്ഡ് ഫയല്‍ അടങ്ങിയ ഇമെയില്‍, എസ്എംഎസ് തുടങ്ങിയവ അയക്കല്‍, കോപ്പി-പേസ്റ്റ് ചെയ്യല്‍, എക്‌സല്‍ ഉള്‍പ്പെടെയുള്ള സ്‌പ്രെഡ് ഷീറ്റുകളില്‍ അടിസ്ഥാന അരിത്തമെറ്റിക് ഫോര്‍മുലയുടെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ കുടുംബത്തിലെ 15 വയസിനു മുകളിലുള്ള ഓരോ അംഗവും കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍  ചെയ്തിട്ടുണ്ടോ എന്ന് ഐ.സി.ടി മൊഡ്യൂളില്‍ രേഖപ്പെടുത്തും. 

ആശുപത്രി വാസത്തിനും അല്ലാതെയുമായി വിവിധ ചികിത്സകള്‍ക്കായി ചെലവായ തുകയാണ് പ്രധാനമായും ആരോഗ്യ മൊഡ്യൂളില്‍ ശേഖരിക്കുന്നത്.ആയുഷ് സര്‍വേയില്‍ ആയുര്‍വേദ, ഹോമിയോ, യൂനാനി,യോഗ ഉള്‍പ്പെടെയുള്ള വിവിധ ആയുഷ് ചികിത്സാ രീതികളെ സംബന്ധിച്ച് കുടുംബത്തിലെ അംഗങ്ങളുടെ അറിവും, ഇത്തരം ചികിത്സാ രീതികള്‍ കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍   അതിന്റെ വിവരവുമാണ് ശേഖരിക്കുന്നത്. 

ആയുഷ് മരുന്നുകളുടെ ലഭ്യത, ചികിത്സാചെലവ് , ഏതൊക്കെ അസുഖങ്ങള്‍ക്കാണ് ആയുഷ് ഉപയോഗിച്ചത് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തുക.

0/Post a Comment/Comments