പരിയാരത്ത് പൊലീസ് വേഷത്തില്‍ ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍.




പരിയാരം : പൊലീസ് വേഷത്തില്‍ ആള്‍മാറാട്ടം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പരിയാരത്താണ് സംഭവം.

കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് ( 40) പരിയാരം പൊലീസ് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാള്‍ പൊലീസ് വേഷത്തില്‍ പരിയാരത്തും പരിസ പ്രദേശങ്ങളിലുമുള്ള റോഡുകളില്‍ വാഹന പരിശോധനയും, ബോധവല്‍ക്കരണവും ഉള്‍പ്പടെ നടത്തി വരികയായിരുന്നു. പരിയാരം പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജഗദീഷ് വാഹന പരിശോധനയും മറ്റും നടത്തി വന്നിരുന്നത്.

പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് പ്രതി. നിലവില്‍ പരിയാരം സ്റ്റേഷനില്‍ സിഐ ഇല്ല. മാത്രമല്ല മറ്റ് പൊലീസുകാരുടെ അകമ്ബടിയൊന്നുമില്ലാതെ സിഐ ഒറ്റയ്ക്ക് പരിശോധന നടക്കുന്നതും നാട്ടുകാരുടെ സംശയത്തിന് കാരണമായി. ഇതോടെയാണ് പ്രദേശവാസികളായ ചിലര്‍ പരിയാരം സ്റ്റേഷനില്‍ വ്യാജ സിഐയെപ്പറ്റി വിവരമറിയിച്ചത്.

പൊലീസ് യൂണിഫോം ധരിച്ച്‌ അതിനുമുകളില്‍ കോട്ടുമിട്ടായിരുന്നു ജഗദീഷിന്‍റെ ബൈക്ക് യാത്ര. യൂണിഫോമും, നെയിംബോര്‍ഡും, പൊലീസ് ബൂട്ടുമെല്ലാം കണ്ടാല്‍ ആരും തെറ്റിദ്ധരിക്കും. പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റിയായിരുന്നു ഇയാള്‍ നിന്നിരുന്നത്.

0/Post a Comment/Comments