പിഎം കിസാൻ ഗുണഭോക്താക്കളായ കർഷകർക്ക് ഭൂമി സംബന്ധമായ വിവരങ്ങൾ, ഇകെവൈസി എന്നിവ ചേർക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി. സെപ്റ്റംബർ 17 വരെ ആയിരുന്നു മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി.
രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ഉന്നമനത്തിനായി 2018 ഡിസംബർ ഒന്ന് മുതൽ കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പിഎം കിസാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളായ കർഷകർക്ക് വർഷത്തിൽ മൂന്നു തവണയായി 6000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നൽകുന്നു.
പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കർഷകർ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. പിഎം കിസാൻ പദ്ധതിയിൽ അംഗങ്ങളായ കർഷകരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഡേറ്റാബേസ് വിപുലീകരിക്കുന്നതിന് കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഇപ്രകാരം ഓരോ പി.എം കിസാൻ ഉപഭോക്താവും സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ റവന്യൂ ലാൻഡ് ഇൻഫോർമേഷൻ സിസ്റ്റം പോർട്ടലിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കർഷകർ 2022 സെപ്റ്റംബർ 30ന് മുൻപായി കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ (www.aims.kerala.gov.in) മുഖേനെ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ അടിയന്തിരമായി ചേർക്കേണ്ടതുണ്ട്.
Post a Comment