ഇരിട്ടി: തെരുവ് നായ്ക്കൂട്ടം കുറുകെ ഓടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവറടക്കം നാലുപേർക്ക് പരിക്കേറ്റു. ചികിത്സക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോ റിക്ഷയിൽ പോവുകയായിരുന്ന പടിയൂർ ആര്യങ്കോട് സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ പടിയൂർ ആര്യങ്കോട് സ്വദേശി കെ.ടി. തോമസ് (65), യാത്രികരായ കോട്ടേപ്പടവിൽ ചെല്ലമ്മ(73), മക്കളായ മോളി( 50 ), രമ (49 ) എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ നേരംപോക്ക് റോഡിൽ ബാലക്കണ്ടി സദനം കവലയിലായിരുന്നു അപകടം. അസുഖ ബാധിതയായ ചെല്ലമ്മയുമായി ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് പോകുകയായിരുന്നു അപകടത്തിൽ പെട്ട കുടുംബം. ഇവരെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ തോമസിനും ചെല്ലമ്മക്കും തലക്കും കഴുത്തിലും മറ്റുമാണ് പരിക്കേറ്റത്. നായ്ക്കൂട്ടം ഒന്നിച്ച് കുറുകേ ഓടിയപ്പോൾ ഓട്ടോറിക്ഷ വെട്ടിച്ചതോടെ വീതികുറഞ്ഞ റോഡിലെ കടയുടെ ഭിത്തിയിലിടിച്ച് ഓട്ടോ മറിയുകയായിരുന്നു. ഭിത്തിയും ഓട്ടോറിക്ഷയും തകർന്നു. ഇരിട്ടി പട്ടണം ഉൾപ്പെടെ നേരമ്പോക്ക് റോഡ്, താലൂക്ക് ആശുപത്രി റോഡ് എന്നിവിടങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ് .
Post a Comment