പഠന ബോധന മേഖലകളില്‍ ആധുനിക അറിവുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപകര്‍ കൂടുതല്‍ സജ്ജരാകണമെന്നും ഇതിനായി കൊവിഡ് കാലത്ത് നിര്‍ത്തലായ അധ്യാപക പരിശീലനം ഡിസംബറില്‍ പുനരാരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പടിയൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ പരിഷ്‌കരിച്ച പാഠപുസ്തകം നിലവില്‍ വരുമെന്നും കാലിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാവും പരിഷ്‌കരണം നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് താങ്ങാന്‍ കഴിയുന്ന സിലബസാവും നടപ്പാക്കുക. എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി ഉള്‍പ്പെടെയുള്ള പൊതു പരീക്ഷകളുടെ പരീക്ഷാ തീയതിയും ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയും മുന്‍കൂട്ടി നിശ്ചയിച്ച് കഴിഞ്ഞു. കുട്ടികളുടെ അക്കാദമികമായ മുന്നേറ്റമാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
ഖാദര്‍ കമ്മറ്റി നിര്‍ദേശങ്ങള്‍ പടിപടിയായി സര്‍ക്കാര്‍ നടപ്പാക്കും-മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയും പൊതുമരാമത്ത്് വകുപ്പ്് അനുവദിച്ച ഒരു കോടി രൂപയും വിനിയോഗിച്ച് രണ്ട് പുതിയ കെട്ടിടങ്ങളാണ് പടിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് നിര്‍മ്മിച്ചത്.
കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
Post a Comment