തൃശൂർ: ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി 15 വയസുകാരനായ രോഗി കടന്നു. തിരക്കുള്ള റോഡിൽ എട്ട് കിലോമീറ്ററോളം ഓടിയ ആംബുലൻസ് ലെവൽ ക്രോസിൽ ഓഫ് ആയതോടെ ഇത് സ്റ്റാർട്ട് ആക്കാൻ അറിയാതെ വട്ടം കറങ്ങിയ കുട്ടിയെ പിന്നാലെ എത്തിയ 108 ആംബുലൻസ് ജീവനക്കാരും നാട്ടുകാരും പിടികൂടി.
തൃശൂർ ജില്ലാ ആശുപത്രിയിൽ പാർക്ക് ചെയ്തിരുന്ന 108 ആംബുലൻസുമായി കുട്ടി പോയത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം രോഗിയെ ആശുപത്രിയിൽ ആക്കി തിരികെ എത്തിയ ആംബുലൻസ് ജീവനക്കാർ വാഹനത്തിൽ തന്നെ താക്കോൽ വെച്ച ശേഷം വിശ്രമിക്കാൻ പോയ സമയത്ത് ആണ് ഇതേ ആശുപത്രിയിൽ പനിക്ക് ചികിത്സയിൽ കഴിയുന്ന 15 വയസുകാരൻ കടന്നത്.
കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് പൊലീസ് പറയുന്നു. പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് ആംബുലൻസ് കാണാതെ വന്നതോടെ ജീവനക്കാർ ആംബുലൻസിലെ ജി പി എസ് സംവിധാനം വഴി ആംബുലൻസ് ഒല്ലൂർ ഭാഗത്തേക്ക് പോകുന്നത് മനസ്സിലാക്കി സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു 108 ആംബുലൻസ് ജീവനക്കാർക്ക് സന്ദേശം കൈമാറുകയായിരുന്നു.
ഇവർ സ്ഥലത്തെത്തിയപ്പോൾ ലെവൽ ക്രോസ്സിൽ ഓഫ് ആയ ആംബുലൻസ് സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്ന കുട്ടിയെ ആണ് കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പിടികൂടി പൊലീസിന് കൈമാറി. കുട്ടി ഓടിച്ച ആംബുലൻസ് കടന്നു പോയ വഴിയിൽ പൊതുപരിപാടിയിൽ നൂറോളം ആളുകൾ പങ്കെടുക്കുന്നുണ്ടായിരുന്നു.
ഭാഗ്യം കൊണ്ട് ആംബുലൻസ് അപകടം ഉണ്ടാക്കാതെ സുരക്ഷിതമായി പിടികൂടാൻ സാധിച്ചു. സംഭവസമയം ആംബുലൻസ് 50 കിലോമീറ്റർ സ്പീഡിന് താഴെ ആണ് പോയിരുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ആംബുലൻസ് ഡ്രൈവർ തൃശൂർ ഈസ്റ്റ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഇ എം ആർ ഐ ഗ്രീൻ ഹെൽത്ത് സർവീസസ് അന്വേഷണം ആരംഭിച്ചു
Post a Comment