തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ള പാചക ചെലവ് തുക സംസ്ഥാനത്തെ പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ അനുവദിക്കുന്ന കാര്യം അടിയന്തിരമായി പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മോന്‍സ് ജോസഫ് എംഎല്‍എ ഇന്ന് നിയമസഭയിൽ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
05/09/2016 ലാണ് ഏറ്റവും ഒടുവിലായി സംസ്ഥാന സര്‍ക്കാര്‍ പാചക ചെലവ് തുക പരിഷ്ക്കരിച്ചത്.
നിലവിൽ സംസ്ഥാനത്തെ സ്കൂളുകളിൽ
സ്ലാബ് – I (150 കുട്ടികള്‍വരെ) പ്രകാരം കുട്ടിയൊന്നിന് 8 രൂപയും സ്ലാബ് – II (151 മുതല്‍ 500 കുട്ടികള്‍ വരെ) പ്രകാരം കുട്ടിയൊന്നിന് 7 രൂപയും
സ്ലാബ് ഇഇഇ (500 ന് മുകളില്‍) പ്രകാരം കുട്ടിയൊന്നിന് 6 രൂപയുമാണ് പാചക ചിലവ് തുക അനുവദിക്കുന്നത്.
പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് കുട്ടി ഒന്നിന് പ്രതിദിനം 4.97 രൂപയും അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് കുട്ടിയൊന്നിന് പ്രതിദിനം 7.45 രൂപയുമാണ് കേന്ദ്ര-സംസ്ഥാന മാന്‍ഡേറ്ററി വിഹിതം ഉള്‍പ്പെടെ പാചക ചെലവിനത്തിലായി അനുവദിക്കുന്ന നിരക്കുകള്‍. ഈ ഉത്തരവ് പ്രകാരം 8 രൂപ, 7 രൂപ , 6 രൂപ നിരക്കാണ് നിലവിലുള്ളത്. ഇതാണ് ഉടൻ പരിഷ്ക്കരിക്കുക.
സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍, മുട്ട എന്നിവ നല്‍കുന്ന സപ്ലിമെന്ററി ന്യൂട്രീഷന്‍ പരിപാടി പൂര്‍ണ്ണമായും സംസ്ഥാന പദ്ധതിയാണ്. എന്നാല്‍ ഇതിനുള്ള ചെലവ് കൂടി ഉച്ചഭക്ഷണം നല്‍കുവാനുള്ള തുകയില്‍ നിന്നാണ് കണ്ടെത്തുന്നതെന്നും മന്ത്രി ചൂടിക്കാട്ടി.
ആഴ്ചയില്‍ രണ്ട് ദിവസം പാല്‍, ഒരു ദിവസം മുട്ട / നേന്ത്രപ്പഴം എന്നിവ നല്‍കുന്നതിന് കുട്ടിയൊന്നിന് 20 രൂപയോളം ചെലവ് വരുന്നതായും പാചക വാതകം, പച്ചക്കറികള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ , ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വര്‍ദ്ധനവ് വന്നിട്ടുള്ളതിനാല്‍ നിലവില്‍ പാചകചെലവ് ഇനത്തില്‍ അനുവദിക്കുന്ന തുക അപര്യാപ്തമാണെന്നും ആയത് വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രസ്തുത നിവേദനങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കുക്കിങ് കോസ്റ്റ് സ്ലാബ് സമ്പ്രദായ( 8രൂപ/7 രൂപ/6 രൂപ) ത്തിന് പകരം പരിഷ്ക്കരിച്ച് പ്രൈമറി , അപ്പര്‍ പ്രൈമറി എന്നിങ്ങനെ വേര്‍തിരിച്ച് 6 രൂപ , 8 രൂപ എന്നീ നിരക്കുകളില്‍ (കേന്ദ്ര സംസ്ഥാന വിഹിതം ഉള്‍പ്പെടെ) കുക്കിങ് കോസ്റ്റ് പരിഷ്ക്കരിക്കുന്ന കാര്യവും സപ്ലിമെന്ററി ന്യൂട്രീഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള പാല്‍, മുട്ട/നേന്ത്രപ്പഴം എന്നിവയുടെ വിതരണത്തിനായി കുട്ടിയൊന്നിന് ആഴ്ചയില്‍ 20 രൂപ അനുവദിക്കുന്ന കാര്യവും പരിശോധിച്ചു വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മെറ്റീരിയൽ കോസ്റ്റിന്റെ (പാചക ചെലവ് )കേന്ദ്ര, സംസ്ഥാന മാൻഡേറ്ററി നിരക്കുകൾ പരിഷ്ക്കരിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന നിരക്കുകളിൽ 9.6% വർദ്ധനവ് വരുത്തിയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാലവാടി, പ്രൈമറി വിഭാഗങ്ങളുടെ മെറ്റീരിയൽ കോസ്റ്റ് നിരക്ക് 4.97 രൂപയിൽ നിന്ന് 5.45 രൂപയായും അപ്പർ പ്രൈമറി വിഭാഗത്തിന്റേത് 7.45 രൂപയിൽ നിന്ന് 8.17 രൂപയായൂം വർദ്ധിപ്പിച്ചിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി വിഭാഗത്തിന്റെ പുതുക്കിയ മാൻഡേറ്ററി മെറ്റീരിയൽ കോസ്റ്റ് (8.17 രൂപ) സംസ്ഥാനത്ത് നിലവിലിരിക്കുന്ന സ്ളാബ് സമ്പ്രദായ പ്രകാരമുള്ള മെറ്റീരിയൽ കോസ്റ്റ് നിരക്കുകളേക്കാൾ (6 രൂപ/7 രൂപ/8 രൂപ) ഉയർന്നതുകയാണ്.
Post a Comment