സൈനികരുടെ പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിച്ചു; 2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യം
ന്യൂ‍ഡൽഹി: വിമുക്ത ഭടന്മാരുടെ‍ വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോ​ഗത്തിന്റെ അം​ഗീകാരം. സായുധ സേനാംഗങ്ങളുടെയും കുടുംബ പെൻഷൻകാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ ഒരേ റാങ്ക് ഒരേ പെൻഷൻ പദ്ധതി പ്രകാരം വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകൾ, ഭിന്നശേഷിയുള്ളവർ എന്നിവരെയും വൺ റാങ്ക്, വൺ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി. 

പുതിയ ഗുണഭോക്താക്കൾ ‌നാലര ലക്ഷത്തിലധികമുണ്ട്. 25.13 ലക്ഷമാണ് ആകെ ഗുണഭോക്താക്കൾ. 2019 ജൂലൈ ഒന്ന് മുതൽ  മുൻകാല പ്രാബല്യമുണ്ടാകും. 2018 ൽ വിരമിച്ചവരുടെ റാങ്കും സർവീസും കണക്കാക്കിയാകും പെൻഷൻ പുതുക്കി നിശ്ചയിക്കുകയെന്നു മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി. 

ഒരേ റാങ്കിൽ ഒരേ സേവന ദൈർഘ്യത്തിൽ വിരമിക്കുന്ന സായുധ സേനാംഗങ്ങൾക്ക് ഏകീകൃത പെൻഷൻ നൽകുന്നതാണ് പദ്ധതി. 2019 ജൂലൈ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്കരണം നടപ്പിലാക്കുക. 2019 ജൂൺ 30 വരെ വിരമിച്ച സായുധ സേനാംഗങ്ങൾക്ക് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

2019 ജൂൺ 30 വരെ വിരമിച്ച 25.15 ലക്ഷം പേർക്കു പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കാലാവധിക്കു മുൻപു പിരിഞ്ഞവർക്കു കിട്ടില്ല. ശരാശരിക്കു മുകളിൽ പെൻഷൻ കിട്ടുന്നവർക്ക് ആ തുക നിലനിർത്തുമെന്നു മന്ത്രി പറഞ്ഞു. ഈ വർഷം ജൂൺ 30 വരെയുള്ള കുടിശിക നാല് ഗഡുക്കളായി നൽകും. കുടുംബ പെൻഷൻകാർക്ക് ഒറ്റ ഗഡുവായി നൽകും.

0/Post a Comment/Comments