ശബരിമലയില്‍ ഇതുവരെ എത്തിയത് 30 ലക്ഷം പേര്‍; നടവരവ് 222 കോടി
പത്തനംതിട്ട: രണ്ടുവര്‍ഷം നീണ്ടുനിന്ന കോവിഡ് കാലത്തിന് ശേഷം അയ്യപ്പനെ കാണാന്‍ തീർഥാടകർ കൂട്ടത്തോടെ എത്തിയതോടെ, ശബരിമലയുടെ നടവരവ് വര്‍ധിച്ചു. ഇതുവരെ 222 കോടി രൂപയാണ് നടവരവായി മാത്രം ലഭിച്ചത്. കൃത്യമായി പറഞ്ഞാല്‍ ഇതുവരെ  222 കോടി 98, 70, 250 രൂപ നടവരവായി ലഭിച്ചതായി ദേവസ്വം കണക്കുകള്‍ വ്യക്തമാക്കുന്നു. 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല തീര്‍ഥാടനം നാളെ അവസാനിക്കാനിരിക്കേയാണ് കണക്ക്.

ശബരിമലയില്‍ ഇതുവരെ 30 ലക്ഷം തീര്‍ഥാടകര്‍ എത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നടവരവായി 222 കോടിയും കാണിക്കയായി 70 കോടിയും ലഭിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മണ്ഡലകാലം തുടങ്ങിയത് മുതല്‍ ശബരിമലയില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഒരു ദിവസം ഒരുലക്ഷത്തിലധികം ഭക്തര്‍ ദര്‍ശനത്തിന് എത്തുന്ന സ്ഥിതിയാണ് ഉണ്ടായത്. തിരക്ക് അനിയന്ത്രിതമായതോടെ, ഭക്തരുടെ സുരക്ഷ കണക്കിലെടുത്ത് ഹൈക്കോടതി വരെ ഇടപെട്ടു. തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഏര്‍പ്പെടുത്താനും വെര്‍ച്വല്‍ ക്യൂവിലൂടെ വരുന്ന ഭക്തരുടെ എണ്ണം നിയന്ത്രിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. 

അതിനിടെ, ആറന്മുള ക്ഷേത്രത്തില്‍ നിന്നുള്ള തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്ത് എത്തും.പെരുന്നാട് നിന്ന് രാവിലെ  തങ്ക അങ്കിയുമായുള്ള രഥം ശബരിമലയിലേക്ക് തിരിച്ചു. നാളെ ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലാണ് മണ്ഡല പൂജ.

തിരുവിതാംകൂര്‍ രാജകുടുംബം അയ്യപ്പന് സമര്‍പ്പിച്ച തങ്ക അങ്കി ചാര്‍ത്തിയുള്ള പൂജയാണ് ഈ ദിവസത്തെ പ്രത്യേകത. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ തങ്കയങ്കി ശബരിമല സന്നിധാനത്ത് കൊണ്ടുവരികയുള്ളൂ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തൂ. മൂന്ന് ദിവസം മുമ്പാണ് ആറന്‍മുള്ള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.

വൈകുന്നേരം 5.30ന് ശരംകുത്തിയില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആചാരപൂര്‍വം സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് ചുവട്ടില്‍ തങ്കയങ്കിയെ സ്വീകരിക്കും. 6.35 ന് ആണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന. 

രാത്രി നട അടക്കും വരെ ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് തങ്കയങ്കി ചാര്‍ത്തിയ അയ്യപ്പ വിഗ്രഹം കാണാം. നാളെ ഉച്ചക്ക് 12.30 നും ഒരു മണിക്കും ഇടയിലാണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. നാളെ രാത്രി നടയടക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കും.


0/Post a Comment/Comments