വയസ്സ് 98 - ഇരുപത്തി അഞ്ചാം തവണയും മലകയറാൻ ദേവു അമ്മ തയ്യാർ
ഇരിട്ടി: 98 വയസ്സിന്റെ പ്രായം ദേവു അമ്മ എന്ന മാളികപ്പുറത്തിന് മലകയറി അയ്യപ്പനെ കാണുക എന്ന തന്റെ ദൃഡ നിശ്ചയത്തിന് മുന്നിൽ ഒരു പ്രശ്നമേ അല്ല. അയ്യപ്പനെ പ്രതിഷ്ഠിച്ച ഉറച്ച മനസ്സും തളരാത്ത ശരീരവുമായി തന്റെ ഇരുപത്തി അഞ്ചാം തവണത്തെ ശബരിമലയാത്രക്ക് തയാറായി വ്രതം നോറ്റിരിക്കുകയാണ് ഈ മാളികപ്പുറം.
കൂത്തുപറമ്പ് കൈതേരിയാണ് ജന്മദേശമെങ്കിലും പിന്നീട് കുന്നോത്തും ഇപ്പോൾ വള്ളിത്തോടുമാണ് താറ്റിപ്രവൻ ദേവു അമ്മ താമസിക്കുന്നത്. കുന്നോത്ത്, മാടത്തിൽ സ്‌കൂളുകളിലായി ഏഴാം ക്‌ളാസ് വരെ പഠിച്ചു. മണ്ഡലം തുടങ്ങുന്നതോടെ മാലയിട്ട് കറുപ്പുടുത്ത് വ്രതവും തുടങ്ങും. കാലത്ത് വീടിനു സമീപത്തുള്ള അമ്പലത്തിലെത്തി തൊഴുത് ശരണം വിളിച്ചാണ് ദേവു അമ്മയുടെ ഓരോ ദിവസവും ആരംഭിക്കുന്നത്.
തൊണ്ണൂറ്റി എട്ടാം വയസ്സിലും ശബരിമല കയറി അയ്യനെക്കാണാനെത്തുന്ന അപൂർവം ചിലരിൽ ഒരാളാണ് ഈ മാളികപ്പുറം. മക്കളായ നന്ദിനിയും, വത്സലയും അമ്മക്കൊപ്പം മലക്ക് പോകുന്നുണ്ട്. മുൻകാലങ്ങളിൽ നീലിമല കയറുമ്പോഴും മറ്റും മാളികപ്പുറത്തെ നിരവധി സ്വാമിമാർ കാൽ തൊട്ട് വന്ദിക്കാനും മലകയറാനും അയ്യപ്പ ദർശനത്തിനായി സഹായിക്കാനും എത്താറുണ്ടെന്ന് ഇവർ പറയുന്നു. പ്രായം കൂടിയ മാളികപ്പുറം എന്ന നിലയിൽ സമീപ ക്ഷേത്രങ്ങളിലും മറ്റും വിളിച്ച് ആദരിക്കാറുണ്ടെന്നും ഇത്തവണയും അത് തുടരുകയാണെന്നും ഇവർ പറഞ്ഞു. ഇത്തവണ മുപ്പതംഗ സ്വാമിമാരടങ്ങുന്ന സംഘത്തിലെ ഗുരുസ്വാമിയാണ് ഈ മാളികപ്പുറം. ഇവർക്കൊപ്പം നീലിമല നടന്നു കയറണം എന്ന് തന്നെയാണ് എന്റെ ആഗ്രഹമെന്നും ദേവു അമ്മ പറഞ്ഞു.

0/Post a Comment/Comments