കുന്നത്തൂർപ്പാടി മഹോത്സവം; പാടിയിൽ പണി പത്തിന് തുടങ്ങും



കുന്നത്തൂർപ്പാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായുള്ള പാടിയിൽ പണി പത്തിന് തുടങ്ങും. 18 മുതൽ ജനുവരി 16 വരെയാണ് കുന്നത്തൂർപ്പാടി ഉത്സവം നടക്കുന്നത്. ഉത്സവത്തിന് ശേഷം ആർക്കും പ്രവേശനമില്ലാതിരുന്ന കുന്നത്തൂർ വനാന്തരത്തിലെ ദേവസ്ഥാനം കാട് വെട്ടിത്തെളിച്ച് ഉത്സവത്തിന് ഒരുക്കുന്ന ചടങ്ങുകളാണ് പാടിയിൽ പണി.

സ്ഥിരം ക്ഷേത്രമില്ലാത്ത ദേവസ്ഥാനത്ത് ഓലയും ഈറ്റയും കൊണ്ട് താത്കാലിക മടപ്പുര നിർമിക്കും. കരക്കാട്ടിടം വാണവരുടെ കങ്കാണിയറ, അടിയന്തിരക്കാർ, കോമരം, ചന്തൻ എന്നിവർക്കെല്ലാമുള്ള സ്ഥാനിക പന്തലുകൾ എന്നിവയും നിർമിക്കും. ദേവസ്ഥാനത്തിന് ചുറ്റുമുള്ള സ്ഥലത്ത് ഭക്തർക്കുള്ള സൗകര്യങ്ങളും ഒരുക്കും.

ഉത്സവനാളുകളിൽ വനാന്തരത്തിലെ ദേവസ്ഥാനത്ത് 24 മണിക്കൂറും ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. 18ന് താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വെച്ചശേഷമാണ് പാടിയിൽ പ്രവേശിക്കുന്ന ചടങ്ങിന് തുടക്കമാകുക.

പാടിയിലെ തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തിൽ നടക്കുന്ന ശുദ്ധികർമങ്ങൾക്കും കലശ പൂജയ്ക്കും ശേഷം കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ഉത്സവത്തിന്റെ ആദ്യ ദിവസം പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും.

മറ്റ് ഉത്സവദിവസങ്ങളിൽ വൈകീട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി ഒൻപതിന് തിരുവപ്പനയും കെട്ടിയാടും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയുടെ കോലം കെട്ടിയാടും. ഉത്സവത്തിന് മുന്നോടിയായി താഴെ പൊടിക്കളത്തെ മുത്തപ്പൻ മടപ്പുരയിലെ ശ്രീകോവിലും സോപാനവും പീഠവും പിച്ചളയിൽ പൊതിയുന്ന പ്രവൃത്തി പൂർത്തിയായി. മോഹനൻ മാവുങ്കൽ കുഞ്ഞിമംഗലത്തിന്റെ നേതൃത്വത്തിലാണ് പണി നടത്തിയത്.

0/Post a Comment/Comments