ജപ്പാൻജ്വരം; ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ചികിത്സതേടണം, സൂക്ഷിച്ചില്ലെങ്കിൽ അപകടകാരിയാകും
വടകര: കഴിഞ്ഞദിവസമാണ് വടകര പാക്കയിൽ പ്രദേശത്ത് താമസിക്കുന്ന യു.പി. സ്വദേശിയായ കുട്ടിക്ക് ജപ്പാൻജ്വരബാധ സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അഞ്ചുവർഷത്തിനുശേഷം ജില്ലയിൽ ആദ്യമായാണ് ഈ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. 2017-ൽ ബേപ്പൂരിലാണ് അവസാനമായി ജില്ലയിൽ ജപ്പാൻജ്വരം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ വടകര നഗരസഭാ പരിധിയിലെ പാക്കയിൽ ഭാഗത്ത് ആരോഗ്യവകുപ്പും വടകര നഗരസഭയും ജാഗ്രതാപ്രവർത്തനം ശക്തമാക്കി.


താരതമ്യേന രോഗപ്രതിരോധ കുറവുള്ള 15 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് ജപ്പാൻജ്വരം എളുപ്പം ബാധിക്കുന്നത്. മുതിർന്നവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. കൊതുകിന്റെ ഉറവിടനശീകരണം കാര്യക്ഷമമാക്കുക, ഫോഗിങ് നടത്തുക, കൊതുകുവല, ലേപനങ്ങൾ ഉപയോഗിക്കുക എന്നിവ രോഗപ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കണം. രോഗലക്ഷണം കണ്ടാൽ ഉടനെ ചികിത്സതേടണം. ഏതുതരം പനിയായാലും വൈദ്യസഹായം തേടണം.


കരുതൽ വേണം


കൊറോണ വൈറസ് പോലെ രോഗിയായ മനുഷ്യനിൽനിന്ന് മറ്റൊരാളിലേക്ക് ജപ്പാൻജ്വരം പകരില്ല എന്നത് ആശ്വസകരമാണ്. പക്ഷേ, വൈറസുള്ള മറ്റ് ജീവികളിൽനിന്ന് കൊതുക് വഴി മനുഷ്യശരീരത്തിലെത്തും എന്നതുകൊണ്ട് ജപ്പാൻജ്വരം സൂക്ഷിച്ചില്ലെങ്കിൽ അപകടകാരിയുമാണ്. കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളും കൂടുതലുള്ള പാക്കയിൽ മേഖലയിൽ ദേശാടനപ്പക്ഷികളിലൂടെയാവാം വൈറസ് എത്തിയതെന്നാണ് മെഡിക്കൽസംഘത്തിന്റെ പ്രാഥമികനിഗമനം. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ മുട്ടയിടുന്ന ക്യൂലെക്സ് കൊതുകുവഴിയാണ് രോഗം കൂടുതലായി പകരുന്നത്.


രോഗലക്ഷണം


രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം കാണിക്കുന്നതുവരെയുള്ള ഇൻക്യുബേഷൻ പീരിയഡ് അഞ്ചുദിവസം മുതൽ പതിനഞ്ച് ദിവസംവരെയാണ്. ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും, ഓർമക്കുറവ്, കഴുത്ത് തിരിക്കാൻപറ്റാത്ത അവസ്ഥ, മാനസികവിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂർച്ഛിച്ചാൽ മരണവും സംഭവിക്കാം.

0/Post a Comment/Comments