ഇരിട്ടി: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ പാലത്തുംകടവിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. വ്യാപകമായി കാര്ഷികവിളകളും നശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് കാട്ടാന ബാബുവിന്റെ ഓട്ടോറിക്ഷ തകർത്തത്. പാലത്തുംകടവ് കരിമല റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ട് തകർക്കുകയായിരുന്നു. ഈ മേഖലയിൽ വ്യാപകമായി വാഴ, തെങ്ങ്, കുരുമുളക് ഉൾപ്പെടെയുള്ള കാർഷിക വിളകളും നശിപ്പിച്ചു. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പുകൾക്കും കാട്ടാന നാശം വരുത്തി. ജയ്സൺ പുരയിടം, സജി കല്ലുമ്മേപുറത്ത്, ജോളി വാവച്ചൻ, കൊരക്കാല ബിജു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ബാബുവിന്റെ കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു തകർക്കപ്പെട്ട ഓട്ടോറിക്ഷ . വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് പൂർത്തിയാക്കാത്തതും, പൂർത്തിയായവ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമാണ് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. ജനപ്രതിനിധികളും ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു .
Post a Comment