കാലിത്തീറ്റ കഴിച്ച പശുക്കൾ ചത്തു. മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളുമാണ് ചത്തത്. കണ്ണൂരിൽ നായാട്ടുപാറയിൽ ക്ഷീര കർഷകനായ പ്രതീഷിന്റെ ഫാമിലാണ് സംഭവം. ഭക്ഷണം ദഹിക്കാതെ വയർ വീർത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്‌മോർട്ടം ചെയ്ത വെറ്റെർനറി സർജൻ വ്യക്തമാക്കി.
തുടർച്ചയായി അഞ്ച് തവണ ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര കർഷകനുള്ള പുരസ്‌കാരം ലഭിച്ച കർഷകനാണ് ഈ ദുരവസ്ഥ. പ്രതീഷിന് മൂന്ന് ഷെഡുകളിലായി 140-ഓളം പശുക്കളാണുള്ളത്. ദിവസം 15 ചാക്ക് കാലിത്തീറ്റയാണ് കന്നുകാലികൾക്ക് ആവശ്യമായി വരുന്നത്.
പശുക്കൾ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സർക്കാർ വീട്ടണമെന്നാണ് ഫാം ഉടമയുടെ ആവശ്യം. എന്നാൽ കേടുവന്ന കാലിത്തീറ്റ മടക്കിയെടുക്കാം എന്നാണ് ഫാമിലെത്തിയ ഉദ്യോഗസ്ഥരുടെ നിലപാട്. കണ്ണൂരിൽ മറ്റ് രണ്ടിടങ്ങളിലും ഇതേ കാലിത്തീറ്റ കഴിച്ച് പശുക്കൾ അവശരായിട്ടുണ്ട്.
കാലിത്തീറ്റ കഴിച്ച കന്നുകാലികൾ ചത്തെന്ന ആരോപണം അന്വേഷിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ജുറാണി പറഞ്ഞു. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Post a Comment