തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാര്‍ഡെത്തി, അടിച്ചത് കാര്‍; തട്ടിപ്പിന്റെ പുതുവഴി, പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം




കൊച്ചി : സ്‌ക്രാച്ച് ആൻറ് വിൻ കാർഡ് തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം. കഴിഞ്ഞ ദിവസം എറണാകുളം കാലടി സ്വദേശി റോയിക്ക് തപാലിൽ തട്ടിപ്പ് സമ്മാന കാർഡ് എത്തി. കയ്യില്‍ കിട്ടിയ കാര്‍ഡ് ഉരച്ച് നോക്കിയപ്പോൾ റോയിക്ക് പതിനാറരലക്ഷം രൂപയുടെ വില കൂടിയ വാഹനമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഈ സമ്മാനം കയ്യില്‍ കിട്ടുന്നതിന് എന്തൊക്കെ ചെയ്യണമെന്നും കാര്‍ഡില്‍ പറഞ്ഞിട്ടുണ്ട്.


ഭാഗ്യവാനായ കസ്റ്റമറാണെന്നും പ്രത്യേക നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയത് കൊണ്ടാണ് സ്‌ക്രാച്ച് ആൻറ് വിൻ കാർഡ് അയക്കുന്നതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. ബാങ്ക് അകൗണ്ടിന്‍റെ വിശദാംശങ്ങൾ അയച്ചു കൊടുക്കണമെന്ന നിർദേശവും കാര്‍ഡിലുണ്ട്.ബാങ്കിന്‍റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ്, ഇവയെല്ലാം തട്ടിപ്പ് സംഘം ആവശ്യപ്പെടുന്നുണ്ട്. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിൻറെ പേരിലാണ് കാർഡ് ലഭിച്ചിരിക്കുന്നത്. സംശയം തോന്നിയതിനാല്‍ റോയ് തട്ടില്‍ വീണില്ല.


സമ്മാനം ലഭിക്കുന്നതിന് തട്ടിപ്പു സംഘം വലുതും ചെറുതുമായ തുകകൾ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.ഒപ്പം ബാങ്ക് വിവരങ്ങളും, ഒ.ടി.പിയും കിട്ടുന്നതോടെ അക്കൗണ്ടിലുള്ള തുക തട്ടിയെടുക്കുന്നതും പതിവാണ്. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാവുന്നുണ്ടെന്നും ജാഗ്രതയോടെ സമീപിച്ചില്ലെങ്കിൽ പണം നഷ്ടമാകുമെന്നും ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ മുന്നറിയിപ്പ് നല്‍കി. 


0/Post a Comment/Comments