ആറളം പഞ്ചായത്ത് ശശ്മാന ഭൂമിയിലെ മരം മുറി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ്




ഇരിട്ടി: ആറളം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വീർപ്പാട് തൊത്തുമ്മലിലുള്ള പൊതുശ്മശാന നവീകരണ പ്രവർത്തിക്കിടെ മരം മുറിച്ചതിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തുന്നതിനായി ഉത്തരവിടാൻ ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് ഡയറക്ടർക്ക് പ്രാഥമിക പരിശോധന റിപ്പോർട്ട് സമർപ്പിച്ചു.
ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധികൾ വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് വിജിലൻസ് കണ്ണൂർ ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് എഎസ്ഐ മാരായ വിജേഷ്, ശ്രീജിത്ത്, സുഗേഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിലാണ് ഗുരുതര വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയത്.
യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് പൊതു സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റിയത്. 22 മരങ്ങൾ മരങ്ങൾ മുറിച്ചതിന്റെ കുറ്റികൾ വിജിലൻസ് സംഘം പരിശോധനയിൽ കണ്ടെത്തി. പഞ്ചായത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയെങ്കിലും വ്യക്തമായ മറുപടി നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. അപകട ഭീഷണിയിലായിരുന്നു മരങ്ങൾ എന്നും ഇതാണ് മരങ്ങൾ മുറിക്കാൻ കാരണമെന്നുമാണ് ഇവർ വിശദീകരണം നൽകിയത്. അതിനാലാണ് ഇവ മുറിച്ചിടത്തു തന്നെ കൂട്ടിയിട്ടിരിക്കുന്നതെന്നുമാണ് പഞ്ചായത്തധികൃതരുടെ ഔദ്യോഗിക വിശദീകരണം.
എന്നാൽ മുറിച്ച മരങ്ങൾ ഒന്നുംതന്നെ ശ്മശാനത്തിന് ഭീഷണി ആയിരുന്നില്ലെന്ന് വിജിലൻസ് സംഘം കണ്ടെത്തി. സ്മശാനത്തിന്റെ പുറകുവശത്തുള്ള ഒരു കാഞ്ഞിര മരം മാത്രമാണ് ഭീഷണി ഉയർത്തിയിരുന്നത്. ഇതാകട്ടെ മുറിച്ചു മാറ്റിയിട്ടുമില്ല. മുറിച്ചു കടത്തിക്കൊണ്ടുപോയ മരങ്ങൾ പരാതി ഉയർന്നതോടെ തിരികെ കൊണ്ടിട്ടതായി ആരോപണം ഉയർന്നിരുന്നു. പരാതി ഉയർന്നതോടെ എല്ലാ മരക്കഷണങ്ങളും തിരികെ ഇട്ടതായും വിജിലൻസ് സംഘം സംശയിക്കുന്നു.
സ്മശാന ഭൂമിയിൽ മരം മുറി സംബന്ധിച്ചാണ് പരാതിയെങ്കിലും സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഗുരുതരമായ മറ്റ് രണ്ട് ക്രമക്കേടുകൾ കൂടി കണ്ടെത്തി. ശ്മശാന നവീകരണത്തിനൊപ്പം ആറളം പഞ്ചായത്ത് 212 / 22- 23, 284 / 22- 23 എന്നീ പ്രോജക്ട് നമ്പർ പ്രകാരമുള്ള ലക്ഷങ്ങളുടെ പ്രവർത്തി കരാർകൂടാതെ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടെത്തി. സ്മശാന ഭൂമിയിലെ ചുറ്റുമതിൽ നിർമ്മാണം, സ്മശാന കെട്ടിടത്തിൽ ടൈൽ വിരിക്കൽ ഉൾപ്പെടെയുള്ള രണ്ട് പ്രവർത്തികൾ 17- 12ന് ചേരുന്ന ഭരണസമിതി യോഗത്തിലാണ് ടെൻഡർ നടപടിക്രമങ്ങൾ അംഗീകരിക്കേണ്ടത്. ഇതിൽ ഒരു പ്രവർത്തിയുടെ ടെൻഡർ ഈമാസം 13 നും മറ്റൊരു പ്രവർത്തിയുടെ ടെൻഡർ രണ്ടുദിവസം മുൻപും ആണ് തുറക്കേണ്ടത്. ഈ രണ്ട് ടെൻഡറുകളും ഉറപ്പിക്കേണ്ടത് 17ന് നടക്കേണ്ട ഭരണസമിതി യോഗമാണ്. എന്നാൽ ഈ രണ്ടു പ്രവർത്തികളുടെയും നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നതായും സംഘം കണ്ടെത്തി. ഇക്കാര്യവും വിജിലൻസ് ഡയറക്ടർക്ക് നൽകിയ ശുപാർശയിൽ വ്യക്തമാക്കിയിട്ടുണ്ട്. ചുറ്റുമതിലും അനുബന്ധ പ്രവർത്തികൾക്കും 6,77947 രൂപയുടെയും സ്മശാന നവീകരണത്തിന് 498971 രൂപയുടെയും പ്രവർത്തിയാണ് ടെൻഡർ ഉറപ്പിക്കും മുൻപ് നടത്തുന്നതായി വിജിലൻസ് സംഘം കണ്ടെത്തിയിട്ടുള്ളത്.

0/Post a Comment/Comments