ബഫര്‍ സോണ്‍: മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു; സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കാന്‍ ആലോചന
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചു. നാളെയാണ് യോഗം. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉന്നതതലയോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 

വനം വകുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ പോലും പര്‍വതീകരിക്കുന്നു. സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകരെ സഹായിക്കാന്‍ അല്ലെന്നും വനംമന്ത്രി പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. 

ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കാനാണ് ആലോചന. കെട്ടിടങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ പ്രത്യേകം നല്‍കും. നിയമവശങ്ങള്‍ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിനും സ്റ്റാന്‍ഡിങ് കോണ്‍സലിനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

അപാകത പരിശോധിക്കാന്‍ ഇടുക്കിയില്‍ സമിതി

അതേസമയം ഇടുക്കി ജില്ലയിലെ ബഫര്‍ സോണ്‍ റിപ്പോര്‍ട്ടിലെ അപാകതയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. ഇടുക്കി ജില്ലാ കളക്ടര്‍, വില്ലേജ് ഓഫീസര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധിക്കുക.

കരുതല്‍മേഖല ഉള്‍പ്പെടുന്ന നാല് പ്രദേശങ്ങളിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരും സമിതിയില്‍ ഉണ്ടാവും. എത്രയും പെട്ടെന്ന് നേരിട്ട് സ്ഥല പരിശോധന നടത്താനാണ് നിര്‍ദ്ദേശം. ഉപഗ്രഹസര്‍വേയില്‍ അധികമായി ഉള്‍പ്പെട്ടിരിക്കുന്ന ജനവാസമേഖലകള്‍ ഏതെല്ലാം, വിട്ടുപോയ പ്രദേശങ്ങൾ ഏതെല്ലാം എന്നിവ കണ്ടെത്തി സമ​ഗ്ര റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്

0/Post a Comment/Comments