സംരക്ഷിത വനങ്ങളോടു ചേർന്ന് ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല (ബഫർ സോണ്‍) നിർബന്ധമാക്കുന്നതിൽ ഓരോ സ്ഥലത്തെയും യഥാർഥ സാഹചര്യങ്ങൾകൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി.
ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധമാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിക്കുന്നതിനിടെയാണ് കോടതി വാക്കാൽ ഈ പരാമർശം നടത്തിയത്. ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ് എന്നിവരുടെ ബെഞ്ചാണ്, ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ കോടതി നിർദേശത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജികളിൽ വാദം കേൾക്കുന്നത്.
ചില സ്ഥലങ്ങളിൽ നഗരപ്രദേശങ്ങളോടു ചേർന്ന് പ്രഖ്യാപിത വനമേഖലകളും ഉണ്ട്. വർഷങ്ങളായി അവിടെ പലതരം നാഗരിക പ്രവർത്തനങ്ങൾ നടന്നുവരുന്നതാണ്.
അത്തരം സ്ഥലങ്ങളിൽ ഒരു കിലോമീറ്റർ പരിധി നിർബന്ധമാക്കുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജസ്റ്റീസ് ഗവായ് പറഞ്ഞു. ജയ്പുർ നഗരത്തിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള ഒരു റോഡിനെ പ്രസ്തുത നിബന്ധന ബാധിക്കുന്ന കാര്യമാണ് കോടതി പരിഗണിച്ചത്.
പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. പക്ഷേ, അതിനൊപ്പം എല്ലാ വികസനപ്രവർത്തനങ്ങളും പൂർണമായി നിർത്തിവയ്ക്കാനുമാകില്ലെന്നും ജസ്റ്റീസ് ഗവായ് ചൂണ്ടിക്കാട്ടി.
ഈ വിഷയം പരിഗണിക്കുന്നതിനിടെ നിർബന്ധിത പരിസ്ഥിതലോല മേഖലയിൽനിന്ന് ഒഴിവാക്കേണ്ട ചില വനപ്രദേശങ്ങൾ ഉണ്ടെന്നും ഇക്കാര്യത്തിൽ ചർച്ച ചെയ്തു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം പഠിക്കാനായി നിയോഗിച്ചിട്ടുള്ള അമിക്കസ് ക്യൂറി കെ. പരമേശ്വറുമായി ഇക്കാര്യം ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർബന്ധിത പരിസ്ഥിതിലോല മേഖല നിർദേശത്തിൽ ഭേദഗതികൾ വേണമെന്നാവശ്യപ്പെട്ടു റെയിൽവേയും കോടതിയെ സമീപിച്ചിട്ടുണ്ടെന്നതും അദ്ദേഹം കോടതിയുടെ ശ്രദ്ധയിൽ പെടുത്തി.
സംരക്ഷിത വനങ്ങൾക്ക് ഒരു കിലോമീറ്റർ ബഫർ സോണ്‍ നിർബന്ധമെന്നു കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് സുപ്രീംകോടതി നിർദേശിച്ചത്.
Post a Comment