കതിരൂർ: പഞ്ചായത്തിലെ വിവിധ മണ്ണിനങ്ങളുടെ പ്രത്യേകത അറിയാൻ മിനി മണ്ണ് മ്യൂസിയം ഒരുക്കാൻ കതിരൂർ ഗ്രാമ പഞ്ചായത്ത്. കതിരൂരിലെ കർഷകർക്ക് ഇനി മണ്ണറിഞ്ഞ് കൃഷിയിറക്കാം. മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മണ്ണ് മ്യൂസിയം നിർമ്മിക്കുക. രണ്ട് ലക്ഷം രൂപയാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയത്.
തുടർ പ്രവർത്തനങ്ങൾക്കാവശ്യമായി രണ്ട് ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ പറഞ്ഞു.
കതിരൂരിൽ പത്ത് വർഷത്തോളമായി മണ്ണ് ജലം വായു സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കൃഷി മാത്രം ജീവനോപാധിയായി കാണുന്ന ഒരു വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്. മണ്ണിന്റെ ശാസ്ത്രീയത അറിഞ്ഞ് കൃഷിയിറക്കിയാൽ കൂടുതൽ വിളവ് ലഭിക്കും. ഇത് സാധാരണക്കാർക്ക് നേരിട്ട് കണ്ട് മനസിലാക്കി നൽകുകയാണ് മ്യൂസിയം കൊണ്ട് ലക്ഷ്യം വക്കുന്നത്.
സംസ്ഥാനത്ത് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ കീഴിൽ ആരംഭിക്കുന്ന ആദ്യ ഗ്രാമീണ മണ്ണ് മ്യൂസിയമാണിത്. കതിരൂർ പുല്യോട് ഗവ.എൽപി സ്‌കൂളിലാണ് മ്യൂസിയം ഒരുക്കുക. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മണ്ണ് സർവേ ഡിസംബർ അവസാനത്തോടെ ആരംഭിക്കും. മുഴുവൻ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കും. മ്യൂസിയം മാർച്ചിൽ പ്രവർത്തനമാരംഭിക്കും.
പഞ്ചായത്തിലെ തനത് മണ്ണിനങ്ങളും കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ മണ്ണുകളും ഇവിടെ പ്രദർശിപ്പിക്കും. ഓരോ മണ്ണിലേയും ലവണങ്ങൾ കണ്ടെത്തി സോയിൽ ഹെൽത്ത് കാർഡ് തയാറാക്കും. ഇതിലൂടെ പഞ്ചായത്തിലെ ഓരോ പ്രദേശത്തെയും മണ്ണിന്റെ ഗുണനിലവാരവും വളപ്രയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും കൃത്യമായി അറിയാൻകഴിയും.
തിരുവനന്തപുരം പാറാട്ടുകോണത്തുള്ള കേന്ദ്ര മണ്ണ് അനലിറ്റിക്കൽ പരീക്ഷണശാലയിലെ കേരള മണ്ണു മ്യൂസിയത്തിന്റെ മാതൃകയിലാണ് കതിരൂരിൽ മ്യൂസിയം സ്ഥാപിക്കുക. ഓരോ മണ്ണിനത്തിന്റെയും പൂർണ വിവരങ്ങൾ, മണ്ണുപരമ്പരയുടെ ഭൗതിക സ്വഭാവം, അതെവിടെനിന്നു ലഭിച്ചു, മണ്ണിലെ ജൈവഘടന, ഏതു വിളയ്ക്കാണ് എറ്റവും അനുയോജ്യം, ഈ മണ്ണു കാണപ്പെടുന്ന പ്രദേശത്ത് എങ്ങനെയാണ് ഉപയുക്തമാക്കേണ്ടത്, മണ്ണിലെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്‌നീഷ്യം, സൾഫർ, ഇരുമ്പ്, സിങ്ക്, കോപ്പർ, മാംഗനീസ്, ബോറോൺ എന്നിവയുടെ തോത്, പി.എച്ച്. അനുപാതം, മണ്ണു മാനേജ്‌മെന്റ് തുടങ്ങിയ വിവരങ്ങൾ മ്യൂസിയത്തിൽ നിന്ന് അറിയാനാകും.
Post a Comment