റണ്‍വേ ബലപ്പെടുത്തല്‍: കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം
മലപ്പുറം: കരിപ്പൂർ​ വിമാനത്താവളത്തിൽ റൺവേ റീകാർപറ്റിങ്​ പ്രവൃത്തിയുടെ ഭാഗമായി വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. പകൽ പത്ത്​ മുതൽ വൈകീട്ട്​ ആറ്​ വരെ സർവീസുകൾക്ക്​ നിയ​ന്ത്രണം ഏർപ്പെടുത്തിയാണ് പുതിയ ക്രമീകരണം.


ഞായറാഴ്ച മുതലാണ്​ വിമാനത്താവളത്തിൽ റീകാർപറ്റിങ് പ്രവൃത്തി ​ തുടങ്ങുക. ആറ്​ മാസത്തേക്കാണ്​ റൺവേ പകൽ സമയങ്ങളിൽ അടക്കുക. ​ ഈ സമയത്തുളള സർവീസുകളാണ്​ പുനഃക്രമീകരിച്ചത്​. നിലവിൽ ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ്​ ഈ സമയത്തുളളത്​. ബാക്കിയുളള സർവീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത്​ പുനഃക്രമീകരിച്ചിരുന്നു. ആഴ്ചയിൽ ആറ്​ ദിവസമുളള എയർ ഇന്ത്യ ഡൽഹി സർവീസിന്‍റെ സമയം ​ മാറ്റി​. ഇപ്പോൾ 10.50നാണ്​ വിമാനം കരിപ്പൂരിൽ നിന്നും പുറപ്പെടുന്നത്​.


ജനുവരി 14 മുതൽ പുതിയ സമയ ക്രമമനുസരിച്ച് ​ ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.30നും വെളളി, ഞായർ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 8.55നുമാണ്​ വിമാനം പുറപ്പെടുക. കണ്ണൂർ വഴി മടങ്ങുന്ന വിമാനം ഉച്ചക്ക്​ 2.05നാണ്​ ഡൽഹിയിലെത്തുക. സലാം എയറിന്‍റെ സലാല സർവീസിന്‍റെയും സമയം മാറ്റിയിട്ടുണ്ട്​. നിലവിൽ പുലർച്ചെ 4.40ന്​ സലാലയിൽ നിന്നും പുറപ്പെട്ട്​ 10.15ന്​ കരിപ്പൂരിലെത്തുന്ന വിമാനം 11 മണിക്കാണ് ​ മടങ്ങുക. ജനുവരി 17 മുതൽ പുലർച്ചെ 2.35ന്​ പുറപ്പെട്ട്​ 8.10ന്​ കരിപ്പൂരിലെത്തി 8.55ന്​ മടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിലാണ്​ സർവീസ്.


അതെ സമയം റൺവേ റീകാർപ്പറ്റിംഗിനൊപ്പം റൺവേ സെന്‍റര്‍ ലൈറ്റിങ് സംവിധാനവും ഒരുക്കും. ഇതുൾപ്പെടെ 11 മാസത്തിനകം നവീകരണ പ്രവൃത്തികൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഡൽഹി ആസ്ഥാനമായ കമ്പനിയാണ് 56 കോടി രൂപക്ക് കരാർ ഏറ്റെടുത്തിരിക്കുന്നത്.


0/Post a Comment/Comments