പുതുവർഷ പുലരിയിൽ തലശ്ശേരി പൈതൃക നഗരിയുടെ ഹൃദയത്തുടിപ്പുകളറിയാൻ എത്തിയവരുടെ ഉത്സവമായി തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു. പുരുഷ വിഭാഗത്തിൽ മഹാരാഷ്ട്ര സ്വദേശി രാമേശ്വർ മുഞ്ജാൾ (40 മിനിറ്റ്), വനിതാ വിഭാഗത്തിൽ കോട്ടയം അസംപ്ഷൻ കോളജ് വിദ്യാർഥിനി അഞ്ജു (54 മിനിറ്റ്) എന്നിവർ ജേതാക്കളായി. 50,000 രൂപ വീതമാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്.
തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ 6.30 ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ റൺ ഫ്‌ളാഗ് ഓഫ് ചെയ്തു. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ, എം എൽ എ മാരായ കെ വി സുമേഷ്, എം വിജിൻ, സജീവ് ജോസഫ്, തലശ്ശേരി നഗരസഭാ അധ്യക്ഷ കെ ജമുനാ റാണി, സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ എന്നിവർ സംബന്ധിച്ചു.
തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി പൈതൃക ഇടങ്ങളെ ചേർത്താണ് ഹെറിറ്റേജ് റൺ സീസൺ ടു സംഘടിപ്പിച്ചത്.
പുരുഷ വിഭാഗത്തിൽ പാലക്കാട് സ്വദേശി കെ അജിത്ത് (45 മിനിറ്റ്) കോഴിക്കോട് സ്വദേശി എം പി നബീൽ സാഹി, വനിതാ വിഭാഗത്തിൽ കോഴിക്കോട് സ്വദേശി സഫീറ (55 മിനിറ്റ്), കോട്ടയം സ്വദേശി ശരണ്യ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും സമ്മാനിച്ചു.
സീനിയർ പുരുഷ വിഭാഗത്തിൽ 73കാരായ വി വാസു, പി ടി വിജയൻ, സീനിയർ വനിത വിഭാഗത്തിൽ 58കാരി ബി എസ് എൻ എൽ ജീവനക്കാരി കെ ശ്യാമള, കുട്ടികളുടെ വിഭാഗത്തിൽ കതിരൂർ സ്വദേശി കെ ഗൗതം, പേരാവൂർ സ്വദേശി ശിഖ പ്രശാന്ത്, പ്രത്യേക പരിഗണന വിഭാഗത്തിൽ ഡി എം സി പ്രതിനിധി സി വി രജനീഷ് എന്നിവർ സമ്മാനങ്ങൾ നേടി.
ഇന്ത്യയ്ക്ക് പുറത്ത് നിന്നെത്തിയവരടക്കം ആകെ 871 പേരാണ് പങ്കെടുത്തത്-618 പുരുഷന്മാരും 253 സ്ത്രീകളും.
സമ്മാന വിതരണം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ അധ്യക്ഷതവഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി വിശിഷ്ടാതിഥിയായി.
കൗൺസിലർ പുനത്തിൽ ഫൈസൽ, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ , ഒന്നാം സമ്മാനം സംഭാവന ചെയ്ത ഫിദൽ ഗ്രൂപ്പ് ചെയർമാൻ കെ സി അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി കോട്ട, ഓവർബറീസ് ഫോളി, ജവഹർഘട്ട്, സെൻറ് ആംഗ്ലിക്കൻ ചർച്ച്, പിയർ റോഡ്, താഴെയങ്ങാടി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് 14 കിലോമീറ്ററാണ് ഓടിയത്. കടന്നുപോയ വഴികളിൽ എൻ എസ് എസ്, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വളണ്ടിയർമാർ വെള്ളവും ഗ്ലൂക്കോസും വിതരണം ചെയ്തു.
മെഡിക്കൽ ടീം, ആബുലൻസ് സേവനവും ഉറപ്പു വരുത്തിയിരുന്നു.
തലശ്ശേരിയെ പ്രത്യേക ടൂറിസം കേന്ദ്രമാക്കി ഉയർത്തുകയും പൊതുജനങ്ങളിൽ ടൂറിസം അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനൊപ്പം കായിക മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഹെറിറ്റേജ് റണിന്റെ ലക്ഷ്യം. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്‌മെൻറ്കൗൺസിലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Post a Comment