വിരശല്യം തടയാന്‍ കുട്ടികള്‍ക്ക് ഗുളികകള്‍ നല്‍കും

കണ്ണൂർ: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി  ജനുവരി 17ന് ജില്ലയിലെ 19 വയസ് വരെയുള്ള 6,15,697 കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പിന്റെ യോഗത്തിലാണ് തീരുമാനം.400 മില്ലി ഗ്രാമാണ് ഒരു ' ഗുളികയുടെ തൂക്കം. ഒന്നുമുതല്‍ രണ്ടു വയസുവരെയുള്ള കുട്ടികള്‍ക്ക് പകുതി ഗുളിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ലയിപ്പിച്ചാണ് നല്‍കേണ്ടത്. രണ്ടു വയസ് മുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ ഒരു ഗുളിക തിളപ്പിച്ചാറ്റിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കണം. വിഴുങ്ങുന്നത് ഗുളികയുടെ ഗുണഫലം കുറക്കും.  


വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാത്ത കുട്ടികള്‍ക്ക് ആശപ്രവര്‍ത്തകരുടെ സഹകരണത്തോടെ അടുത്തുള്ള അങ്കണവാടിയില്‍ നിന്നും ഗുളികകള്‍ നല്‍കും. അങ്കണവാടികളിലും പ്ലേ സ്‌കൂളുകളിലും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് വിരക്കെതിരെയുള്ള ഗുളികകള്‍ നല്‍കും. വിദ്യാഭ്യാസവകുപ്പ്, സാമൂഹ്യനീതിവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യവകുപ്പ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്.


17ന് ഗുളിക കഴിക്കാത്തവര്‍ക്ക് 24ന് മോപ്പ് അപ് ദിനത്തില്‍ അവ നല്‍കും. വൃത്തിഹീനമായ കൈകള്‍ ഉപയോഗിച്ച് ആഹാരം കഴിക്കുക, മണ്ണില്‍ കളിക്കുക, ശുചിത്വമില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക എന്നിവ ചെയ്യുമ്പോഴാണ് വിരകള്‍ ശരീരത്തില്‍ പ്രവേശിക്കുക. ഇവ ആഹാരത്തിലെ പോഷക മൂല്യം ചോര്‍ത്തിയെടുക്കുന്നതിനാല്‍ കുട്ടികളില്‍ വിളര്‍ച്ച, വളര്‍ച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തില്‍ ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയവ അനുഭവപ്പെടും. 


വിരബാധ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നത് ശാരീരിക, മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ശുചിത്വ ശീലങ്ങള്‍ കര്‍ശനമായി പാലിക്കുകയും ആറ് മാസം ഇടവിട്ട് വിരക്കെതിരെയുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക കഴിക്കുകയുമാണ് ഇതിനുള്ള പ്രതിവിധി. കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഡിഎംഒ നാരായണ നായിക്ക്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍, ഡി എം ഒ(ഹോമിയോ) വി അബ്ദുള്‍ സലിം, ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ, ആര്‍ പി എച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

0/Post a Comment/Comments