ഇരിട്ടി: തലശ്ശേരി വളവുപാറ കെഎസ്ടിപി റോഡ് നവീകരിച്ചതോടെ നിരന്തരം അപകടങ്ങൾ പതിവായ മാടത്തിയിൽ വേഗത നിയന്ത്രം ലക്ഷ്യമിട്ട് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. പായം പഞ്ചായത്തിന്റെയും ഇരിട്ടി പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
ഒരാഴ്ച മുൻപ് മാടത്തിൽ ടൗണിൽ വച്ച് ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. എടൂർ മേഖലയിൽ നിന്നും വിളമന റോഡിലൂടെയും വരുന്ന വാഹനങ്ങൾ ഇരിട്ടി - കുടക് അന്തർ സംസ്ഥാന പാതയിലേക്ക് എത്തിച്ചേരുന്ന കവലകൾ കൂടിച്ചേരുന്ന ഇടം കൂടിയാണ് മാടത്തിൽ. നിരന്തരം വലുതും ചെറുതുമായ അപകടങ്ങൾ ഈ മേഖലയിൽ ഉണ്ടാവുന്നുണ്ട്. മാടത്തിൽ ടൗണിൽ വാഹനങ്ങളുടെ വേഗത കുറക്കുവാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം പലകോണിൽ നിന്നും ഉണ്ടായിരുന്നു. ഇതുകൂടാതെ മാടത്തിൽ മുതൽ കൂട്ടുപുഴ വരെയുള്ള റോഡിലും പല ഇടങ്ങളിലായി വാഹനാപകടങ്ങൾ പതിവാകുന്ന സാഹചര്യവും ഉണ്ട്. ഇത്കൂടി കണക്കിലെടുത്ത് പായം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പായം പഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ജനപ്രതിനിധികളും പോലീസ്, പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും വ്യാപാരികളും രാഷ്ട്രീയ സംഘടന നേതാക്കളും ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധികളും തൊഴിലാളി യൂണിയൻ പ്രതികളും യുവജന സംഘടന നേതാക്കളും പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം നടക്കുക. അഡ്വ. സണ്ണി ജോസഫ് എംഎൽഎ, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, ഇരിട്ടി എസ് ഐ നിബിൻ ജോയ്, വാർഡ് മെമ്പർ പി. സാജിദ് തുടങ്ങിയവർ നേതൃത്വത്തിലാണ് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്.
Post a Comment