ജോലിക്കിടെ പോസ്റ്റിൽ നിന്നും വീണ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു

ഇരിട്ടി: ജോലിക്കിടെ ഇലട്രിക്ക് പോസ്റ്റിൽ നിന്നും  തെറിച്ചുവീണ കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. ഇരിട്ടി ഓഫിസിലെ കെ എസ് ഇ ബി വർക്കർ ചാവശേരി മണ്ണോറയിലെ വിളകണ്ടത്തിൽ വി.ജി. സാബു (53) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ കീഴൂർ  കൽപ്പന തിയറ്ററിനു സമീപമായിരുന്നു അപകടം. പൊളിച്ചുമാറ്റുന്ന കെട്ടിടത്തിലെ  വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി പോസ്റ്റിൽ കയറിയതായിരുന്നു. കണക്ഷൻ വിഛേദിക്കുന്നതിനിടെ മുകളിലെ വൈദ്യുതി ലൈനിൽ തട്ടി  തെറിച്ചു വീഴുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ സാബുവിനെ സഹപ്രവർത്തകരും നാട്ടുകാരും  ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. 
ഭാര്യ: ഗീത. മക്കൾ: ഡോ. സീനു സാബു (ഹോമിയോ ഡോക്ടർ ), സോനു സാബു. മരുമക്കൾ: ഷിബിൻ രാജ് (ആർമി, പഞ്ചാബ്), അഭിജിത്ത് (ഇലക്ട്രീഷ്യൻ). കണ്ണൂർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച്ച വൈകീട്ട് 5 മണിയോടെ ചാവശേരിപറമ്പ് ശ്മശാനത്തിൽ സംസ്ക്കരിക്കും.

0/Post a Comment/Comments