ചിക്കന്‍ വാങ്ങിയവര്‍ പണം നല്‍കിയില്ല; കട പൂട്ടുമെന്ന ബോര്‍ഡ് വെച്ച്‌ ഉടമയുടെ പ്രതിഷേധം
‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാന്‍ കാരണം. നിങ്ങള്‍ വാങ്ങിയതിന്‍റെ പൈസ ഉടന്‍ തന്നെ നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ ചിക്കന്‍ കടം വാങ്ങിയവര്‍ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് സാമ്ബത്തിക നഷ്ടം സംഭവിച്ച ഒരു വ്യാപാരി തന്‍റെ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകളാണിത്.


കാസര്‍കോഡ് ആദൂരിലെ സി.എ നഗര്‍ ചിക്കന്‍ കട ഉടമയായ മുന്‍ പ്രവാസി ഹാരിസാണ് കടം വാങ്ങിയ ചിക്കന്‍റെ പണം തരാത്തവരോടുള്ള പ്രതിഷേധം പരസ്യമാക്കിയത്. സാമ്ബത്തികമായി വലിയ പ്രതിസന്ധി നേരിട്ടതിനെ തുടര്‍ന്നാണ് ഹാരിസിന് കട അടച്ചിടേണ്ടി വന്നത്.


കഴിഞ്ഞ 20 വര്‍ഷത്തോളമായി ദുബായില്‍ ജോലി ചെയ്തിരുന്ന ഹാരിസ് കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തന്നെ സ്ഥിരതാമസമാക്കുകയായിരുന്നു. അതിനിടയിലാണ് ഉപജീവന മാര്‍ഗമായി ഒന്നരവര്‍ഷം മുന്‍പ് ഒരു കോഴിക്കട ആരംഭിച്ചത്. ചെറിയ രീതിയില്‍ വരുമാനം ലഭിച്ചിരുന്നെങ്കിലും പലരും കടമായി ചിക്കന്‍ വാങ്ങിയത് വലിയ തിരിച്ചടിയായി.


വീടുകളിലെ ചെറിയ പരിപാടികള്‍ക്കും മറ്റും വലിയ അളവില്‍ കോഴി നല്‍കിയിരുന്നുവെങ്കിലും പലരും ഇതുവരെ പണം നല്‍കിയില്ലെന്ന് ഹാരിസ് കാസര്‍ഗോഡ് വാര്‍ത്തയോട് പറഞ്ഞു. കൂടാതെ കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നും അനവധി പേര്‍ പറയുന്ന അവസ്ഥയും ഉണ്ടായതായും വീടുകളില്‍ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.


പലരില്‍ നിന്നായി ഏകദേശം 55,000 രൂപ തനിക്ക് ലഭിക്കാനുണ്ടെന്നും തരാനുള്ളവരുടെ മുഴുവന്‍ കണക്കുകളും തന്റെ പക്കലുണ്ടെന്നും ഹാരിസ് പറഞ്ഞു. ഉപഭോക്താക്കളോടുള്ള വിശ്വാസം കൊണ്ടും ആവലാതികള്‍ പറയുമ്ബോള്‍ മനസിന് അലിവ് തോന്നിയുമാണ് പലര്‍ക്കും ചിക്കന്‍ കടം കൊടുത്തത് കിട്ടാനുള്ള പണം പെരുകിയപ്പോള്‍ കട അടച്ചുപൂട്ടുക മാത്രമായിരുന്നു മുന്നിലുള്ള വഴി. അടുപ്പമുള്ള ചിലര്‍ നല്‍കിയ ഉപദേശത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു ബോര്‍ഡ് വെക്കേണ്ടി വന്നതെന്ന് ഹാരിസ് പറയുന്നു.


ബോര്‍ഡ് കണ്ട് ചിലര്‍ തങ്ങള്‍ പണം നല്‍കാനുണ്ടോ എന്ന് ചോദിച്ച്‌ തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ആരും തന്നെ പണം തരാന്‍ ഉള്ളവരായിരുന്നില്ല. അതേസമയം പണം നല്‍കാനുള്ളവര്‍ വിളിച്ചിട്ടുമില്ലെന്ന് ഹാരിസ് പറഞ്ഞു.


0/Post a Comment/Comments