ഇടുക്കിയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു
ഇടുക്കി: തിങ്കൾക്കാടിന് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കോളേജ് വിദ്യാർഥി മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശി മിൻഹാജ് ആണ് മരിച്ചത്. വളാഞ്ചേരിയിൽനിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങവെ പുലർച്ചെ 1.15-ഓടെയാണ് അപകടം. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.


നാട്ടുകാരും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. 41 യാത്രക്കാർ വാഹനത്തിലുണ്ടായിരുന്നു. രക്ഷാപ്രവർത്തനം രണ്ട് മണിക്കൂറോളം നീണ്ടു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.


ബസിനടിയിൽപ്പെട്ടാണ് മിൻഹാജ് മരിച്ചത്. ഇന്ന് രാവിലെയാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്.

0/Post a Comment/Comments