തലശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നു
ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി തലശ്ശേരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്ന പ്രവൃത്തി തുടങ്ങി. നഗരസഭയുടെ ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി പദ്ധതി പ്രകാരമാണ് പൈതൃക നഗരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നത്. 


സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ജവഹര്‍ ഘട്ട്, തലശ്ശേരി കോട്ട എന്നിവയുടെ പരിസരം 250 പേര്‍ ചേര്‍ന്ന് ശുചീകരിച്ചു. എസ് പി സി, സ്‌കൗട്ട്, ഗൈഡ്സ്, എന്‍എസ്എസ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലുള്ള വിദ്യാര്‍ഥികള്‍, നഗരസഭ ശുചീകരണ തൊഴിലാളികള്‍, ആര്‍ക്കിയോളജിക്കല്‍ ജീവനക്കാര്‍, ഗ്രീന്‍ തലശ്ശേരി ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കാളികളായി. 


നഗരസഭയിലെ അഞ്ച് സ്‌കൂളുകള്‍ക്ക് തലശ്ശേരി പൈതൃക കേന്ദ്രങ്ങള്‍  ശുചീകരിക്കാനുള്ള ചുമതല നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. താല്‍ക്കാലികമായി നിര്‍ത്തിവെച്ച പദ്ധതി കഴിഞ്ഞ ദിവസം സബ് കലക്ടര്‍ സന്ദീപ് കുമാറിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.


തലശ്ശേരി സെന്റ് ജോസഫ് എച്ച് എസ് എസ്, സേക്രട്ട് ഹാര്‍ട്ട് എച്ച് എസ് എസ്, ഗവ. ബ്രണ്ണന്‍ എച്ച്എസ്എസ്, തിരുവങ്ങാട് ഗേള്‍സ് എച്ച്എസ്എസ്, ചിറക്കര എച്ച്എസ്എസ്, ഗവ ഗേള്‍സ് എച്ച്എസ്എസ്, ബി ഇ എം പി എച്ച്എസ്എസ്, കൊടുവള്ളി എച്ച്എസ്എസ് എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് ശുചീകരണ പ്രവൃത്തി നടത്തുക. 


എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന സന്ദേശം കുട്ടികളിലൂടെ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. സ്പീക്കറും തലശ്ശേരി എം എല്‍ എയുമായ അഡ്വ. എ എന്‍ ഷംസീറിന്റെ നേതൃത്വത്തിലാണ് ഗ്രീന്‍ തലശ്ശേരി പദ്ധതി നടപ്പാക്കുന്നത്. ജനുവരി 28ന് തലശ്ശേരി കടല്‍പ്പാലം പരിസരത്തും ജനകീയ ശുചീകരണം നടത്തും. ജവഹര്‍ഘട്ട്, തലശ്ശേരി കോട്ട എന്നിവയുടെ സമീപപ്രദേശങ്ങളില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുകയും സൗന്ദര്യവല്‍ക്കരണ പ്രവൃത്തി നടത്തുകയും ചെയ്യും.


തലശ്ശേരി കോട്ടയ്ക്കടുത്ത് നടന്ന ചടങ്ങ് സബ് കലക്ടര്‍ സന്ദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ എം ജമുന റാണി അധ്യക്ഷത വഹിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പ്രമോദ്, അധ്യാപകന്‍ ഹെന്‍ട്രി എന്നിവര്‍ പങ്കെടുത്തു.


0/Post a Comment/Comments