പൂജയ്ക്കിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മന്ത്രവാദി പിടിയിൽ
കൊച്ചി: പൂജയ്ക്കിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദി പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയായ അമീറാണ് പിടിയിലായത്. പതിനഞ്ച് വയസുകാരിയോടാണ് ഇയാൾ പൂജ നടത്തുന്നതിനിടയിൽ അപമര്യാദയായി പെരുമാറിയത്. പെൺകുട്ടിയുടെ ദോഷങ്ങൾ പരിഹരിക്കാനായാണ് രക്ഷിതാക്കൾ മന്ത്രവാദിയുടെ പക്കൽ എത്തിച്ചേർന്നത്. പൂജയുടെ രണ്ടാം ദിവസമായ ഇന്നലെ ജപിച്ച ചരട് കെട്ടുന്നതിനിടയിൽ ഇയാൾ മോശമായി പെരുമാറിയതായാണ് പരാതി. വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് പരാതിപ്പെട്ടപ്പോഴാണ് പീഡനശ്രമം പുറത്തറിയുന്നത്. ഇതോടെ അമീറിനെ വാഴക്കുളത്ത് നിന്ന് പുത്തൻകുരിശ് പൊലീസ് പിടികൂടുകയായിരുന്നു.


മുൻപ് തട്ടുകടയിൽ ജോലി ചെയ്ത് വന്നിരുന്ന പ്രതി ചില മന്ത്രവാദികളുടെ സഹായിയായി നിന്നതിന് ശേഷം കടമറ്റം നമ്പ്യാരുപടിയിൽ ജ്യോതിഷ കേന്ദ്രം ആരംഭിക്കുകയായിരുന്നു. ഇലന്തൂർ നരബലി വിവാദമായതിന് പിന്നാലെ ഇയാളുടെ ജ്യോതിഷകേന്ദ്രവും അടച്ചുപൂട്ടിയിരുന്നു. പിന്നീട് വീണ്ടും പ്രവർത്തനമാരംഭിക്കുകയായിരുന്നു. ഒമ്പതാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ നിരവധിപേരിൽ നിന്നും പണം തട്ടിച്ചതായും സംശയമുള്ളതായി പൊലീസ് അറിയിച്ചു.


0/Post a Comment/Comments