പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി






തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോള്‍ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്രകൃതി ദുരന്തങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതുതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും അവര്‍ക്കാവുന്ന ഇടപെടലുകള്‍ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതി സംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി 'കാലാവസ്ഥയും ദുരന്തനിവാരണവും' എന്ന വിഷയത്തില്‍ യുണീസെഫ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


ഉഷ്ണക്കാറ്റ്, പേമാരി ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ആഗോളതാപനവും വര്‍ദ്ധിക്കുന്നുണ്ട്. സമുദ്ര നിരപ്പിലെ വ്യതിയാനം സാരമായി ബാധിക്കുന്നുണ്ട്. പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങുന്നതിനാല്‍ മുന്‍പെങ്ങും ഇല്ലാത്ത പ്രസക്തി ഈ വിഷയത്തിനുണ്ട്. മനുഷ്യരും പ്രകൃതിയും ഒത്തുപോകുന്ന ജീവിതക്രമത്തിലൂടേയും ശാസ്ത്രീയ മുന്‍കരുതല്‍ നടപടികളിലൂടേയും ദുരന്ത വ്യാപ്തി കുറയ്ക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.


നിയമസഭയുടെ പുസ്തകോത്സവം സംസ്ഥാനത്തിനുമാത്രമല്ല, ദേശീയ തലത്തിലും മാതൃകയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. വര്‍ത്തമാനകാലഘട്ടത്തില്‍ സാങ്കേതികവിദ്യയുടെ മുന്നേറ്റമുണ്ടെങ്കിലും പുസ്തകം മരിക്കുന്നില്ല. പുസ്തകത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

0/Post a Comment/Comments