യാത്ര ഇനി കയ്യില്‍ പണമില്ലാതെയും.! കോമണ്‍ മൊബിലിറ്റി കാര്‍ഡ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം ; അറിയാം വിവരങ്ങള്‍




ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാന്‍ പണം കൈവശം ആവശ്യമില്ലാത്ത കാലത്താണ് നാമിന്ന് കഴിയുന്നത്. എന്നാല്‍ അപ്പോഴും യാത്ര ചെയ്യണമെങ്കില്‍ കൈയില്‍ പണം കരുതിയേ പറ്റൂ.. എന്നാല്‍ ഇതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.


ഒരു രാജ്യം, ഒരു കാര്‍ഡ് പദ്ധതിയ്‌ക്ക് കീഴില്‍ ഏറേ കാലമായി കാത്തിരുന്ന കോമണ്‍ മൊബിലിറ്റി കാര്‍ഡ് ജനുവരി 19 മുതല്‍ യാഥാര്‍ത്ഥ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും കാര്‍ഡ് ഉദ്ഘാടനം ചെയ്യുക. മുംബൈ മെട്രോയുടെ പുതുതായി നിര്‍മ്മിച്ച ലൈനുകളുടെ ഉദ്ഘാടന ചടങ്ങില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ വെച്ചാണ് കാര്‍ഡ് പുറത്തിറക്കുക.


ഗതാഗതത്തിനും മറ്റ് ഇടപാടുകള്‍ക്കും പൊതുവായി ഉപയോഗിക്കാവുന്ന സൗകര്യപ്രദമായ കാര്‍ഡാണിത്. പണം കൈവശം വെയ്‌ക്കാതെ യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ ഗുണം. മുംബൈ നഗരത്തിലെ മൂന്ന് മെട്രോകള്‍ക്കായിരിക്കും പൊതുകാര്‍ഡ് ആദ്യം ഉപയോഗിക്കുക. മുംബൈയിലെ വിവിധ മെട്രോകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ' മുംബൈ 1' എന്ന ആപ്പും ഉടന്‍ പുറത്തിറക്കും.


ആദ്യഘട്ടത്തില്‍ രാജ്യത്തെ എല്ലാ മെട്രോകളിലും കാര്‍ഡ് ഉപയോഗയോഗ്യമാക്കും. മെട്രോകളില്‍ ഒരേ നിരക്ക് ആയതിനാലാണ് ആദ്യം ഇത് നടപ്പിലാക്കുന്നത്. തുടര്‍ന്ന് ടോള്‍, ഷോപ്പിംഗ് എന്നിവയ്‌ക്കൊപ്പം എടിഎം പോലെ പണം പിന്‍വലിക്കാനും ഉപയോഗിക്കാനാവുമെന്ന് മുംബൈ മെട്രോപ്പൊലിറ്റിന്‍ റീജിയന്‍ ഡെവല്പ്പമെന്റ് അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് 100 മുതല്‍ 20,000 രൂപ കാര്‍ഡില്‍ നിക്ഷേപിക്കാവുന്നതാണ്.


കേന്ദ്ര ഭവന,നഗര ക്ഷേമ മന്ത്രാലയമാണ് പൊതുകാര്‍ഡ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കാര്‍ഡ് ഘാട്‌കോപര്‍-അന്ധേരി, ചെന്നൈ മെട്രോ എന്നിവയില്‍ ഉപയോഗിക്കും. മുംബൈയിലെ ബെസ്റ്റ് ബസ് പോലുള്ള പൊതു സര്‍വീസുകളിലും കാര്‍ഡ് ഉപയോഗിക്കാമെങ്കിലും പരീക്ഷണം ആരംഭിച്ചിട്ടില്ല. വൈകാതെ ഇത് നടപ്പിലാക്കുമെന്നാണ് സൂചന.

0/Post a Comment/Comments