കുട നിർമ്മാണം പഠിക്കാൻ ആന്ധ്രയിൽ നിന്നുള്ള സംഘം ആറളം ഫാമിൽ എത്തി
ഇരിട്ടി: ആറളംഫാമിൽ കുടുംബശ്രീ മുഖേന നടക്കുന്ന ആദി എന്ന ബ്രാൻഡിൽ പുറത്തിറക്കിയ കുട നിർമ്മാണം പഠിക്കാൻ ആന്ധ്രാ പ്രദേശിൽ നിന്നുള്ള സംഘം ഫാമിലെത്തി. ആദിവാസി മേഖലയിൽ കുടുംബശ്രീയുടെ തണലിൽ വിജയം നേടിയ ആദി കുട സംരംഭത്തെ പറ്റി കേട്ടറിഞ്ഞാണ് പഠിക്കാനും മനസ്സിലാക്കാനുമായി ആന്ധ്രപ്രദേശിൽ നിന്നുള്ള സംഘം ഫാമിൽ എത്തിയത്. ആദിവാസികൾ, നിർധന കുടുംബങ്ങൾ, വികലാംഗർ, എച്ച്ഐവി ബാധിതർ എന്നിവരെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് കൊണ്ടുവരുന്നതിനായി വിശാഖപട്ടണം ആസ്ഥാനമായി പ്രവർത്തിക്കുന്ന കനോഷ്യൻ ഡോട്ടേഴ്സ് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ സിസ്റ്റർ വി.ടി. വിൻസി ഏരിയ കോഡിനേറ്റർ മാരായ സിസ്റ്റർ ദിവ്യ രാവാടാ, സിസ്റ്റർ സ്വരൂപ അന്നു, സി ഡി എസ് ക്ലസ്റ്റർ കോഡിനേറ്റർ ദുസി ശ്യാമള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആറളം ഫാമിലെ ആദി കുട വിജയം മനസ്സിലാക്കുവാനും കുട നിർമ്മാണം പഠിക്കുവാനും ആയി എത്തിയത്.
രണ്ടുവർഷം മുൻപ് ആദിവാസി മേഖലയിൽ നിന്നുള്ള 40 വനിതകളെ കൂട്ടിച്ചേർത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനമാണ് ആദി കുട നിർമ്മാണ സംരംഭം. ഫാമിലെ 6 ബ്ലോക്കുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വനിതകളെ ലോട്ടസ്, നിള എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പദ്ധതി നിർവഹണം. ആദ്യവർഷം 2500 കുടകൾആണ് നിർമ്മിച്ച് വിൽപ്പന നടത്തിയതെങ്കിൽ കഴിഞ്ഞവർഷം 7000 കുടകൾ നിർമ്മിച്ചു. കഴിഞ്ഞവർഷം 4 ലക്ഷം രൂപ ലാഭവിഹിതമായി അംഗങ്ങൾക്ക് വിതരണം ചെയ്തു. തൊഴിലുറപ്പ് ജോലി നിലയ്ക്കുന്ന ഏപ്രിൽ മെയ് ജൂൺ മാസങ്ങളിൽ മാത്രം ജോലി ചെയ്ത വകയിലാണ് ഈ ആദിവാസി വനിതകൾക്ക് ഈ നേട്ടം ഉണ്ടാക്കാൻ സാധിച്ചത്. സംസ്ഥാന ആദ്യമായി ഒരു ബ്രാൻഡിൽ ത്രീ ഫോൾഡർ, ഫൈവ് ഫോൾഡർ, കളർ- ബ്ലാക്ക്- പ്രിൻറ് എന്നിങ്ങനെ വിവിധ ഇനത്തിൽ കുടകൾ പുറത്തിറക്കുന്നത് ഈ സംരംഭകരാണ്.
ആദിവാസി മേഖലയിൽ വിജയം നേടിയ കുട സംരംഭകരെ പറ്റി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ വാർത്ത വാട്സാപ്പിൽ സുഹൃത്ത് കൈമാറിയതനുസരിച്ചാണ് സംഭവത്തെ പറ്റി അറിഞ്ഞത് കുട നിർമ്മാണം പഠിക്കാൻ ഇങ്ങോട്ടേക്ക് വരാൻ തീരുമാനിച്ചത് എന്ന് സിഡിഎസ് എസ് ഡയറക്ടർ വി.ടി. വിൻസി അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം, വിശാഖപട്ടണം, ഈസ്റ്റ് ഗോദാവരി, ഒറീസയിലെ ഗജപതി, കമ്മം എന്നീ ജില്ലകളിലായി 5000 വനിതകളെ സ്വയം പര്യാപ്തമാക്കാൻ ലക്ഷ്യമിട്ട് 1200 ഗ്രാമങ്ങളിൽ സിഡിഎസ്എസ് പ്രവർത്തിക്കുന്നുണ്ട്. കച്ചവട സ്ഥാപനങ്ങൾ, കോഴി, ആട് വളർത്തലുകൾ, കൃഷി സംരംഭങ്ങൾ എന്നിവയാണ് നടത്തുന്നത്. ആ മേഖലയിൽ ഏറ്റവും സാധ്യത ഉള്ള ഒരു കാര്യമാണ് കുട നിർമ്മാണം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞതായും ഇതേ പദ്ധതി അവിടെ നടപ്പിലാക്കുമെന്നും അവർ അറിയിച്ചു. മൂന്നുദിവസം സ്ഥലത്ത് ക്യാമ്പ് ചെയ്തു കുട നിർമ്മാണം ഉൾപ്പെടെ പഠിച്ചാണ് സംഘം മടങ്ങുന്നത്. കുടുംബശ്രീ മുഖേന അപ്പാരൽ പാർക്ക് അനുവദിക്കുന്നതിനായി ടി ആർ ഡി എമ്മിന് അപേക്ഷ നൽകിയതായി ഇത് ലഭിച്ചാൽ മുഴുവൻ സമയം കുട നിർമ്മാണ സംരംഭം നടപ്പിലാക്കാൻ കഴിയുമെന്നും ഏറെ വിജയ സാധ്യതയുള്ള പദ്ധതിയാണ് ഇതെന്നും കുടുംബശ്രീ ആറളം സ്പെഷ്യൽ ട്രൈബൽ പ്രൊജക്റ്റ് കോഡിനേറ്റർ പി. സനൂപ്, അസിസ്റ്റൻറ് കോഡിനേറ്റർ കം കൗൺസിലർ ടി.വി. ജിതേഷ് എന്നിവർ അറിയിച്ചു.

0/Post a Comment/Comments