ആർത്തവ അവധി വേണം; കുസാറ്റിന് പിന്നാലെ ആവശ്യവുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളും

ആർത്തവ സമയത്ത് അവധി വേണമെന്ന ആവശ്യവുമായി കോഴിക്കോട് മെഡിക്കൽകോളജിലെ വിദ്യാർത്ഥിനികളും. ആർത്തവ അവധി വേണമെന്ന് ആവശ്യപ്പെട്ട് വൈസ് പ്രിൻസിപ്പലിന് കത്ത് നൽകി. കുസാറ്റ് മാതൃകയിൽ മെഡിക്കൽ കോളജിലും അവധി അനുവദിക്കണമെന്നാണ് വിദ്യാർത്ഥിനികളുടെ ആവശ്യം.

ആർത്തവസമയത്ത് രണ്ട് ദിവസമെങ്കിലും അവധി വേണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ വൈസ് പ്രിൻസിപ്പലിന് കത്ത് നൽകിയത്. ആർത്തവ സമയത്ത് ക്ലാസിൽ കുട്ടികളുടെ എണ്ണം കുറയുന്നുണ്ട്. വർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് 80 ശതമാനം ഹാജർനില വേണം. അല്ലാത്ത പക്ഷം പിഴ ഈടാക്കുകയാണ് പതിവ്.

ആർത്തവസമയത്ത് മാസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടന്നും വിദ്യാർത്ഥിനികൾ പറയുന്നു. അതുകൊണ്ടുതന്നെ ഇക്കാലയളവിലെടുക്കുന്ന അവധിയ്ക്ക് പിഴ ഈടാക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം

കുസാറ്റിലുൾപ്പെടെ ആർത്തവ സമയത്ത് വിദ്യാർഥിനികൾക്ക് അവധിയേർപ്പെടുത്തിയിട്ടുണ്ട്. ഈ മാതൃക മെഡിക്കൽകോളജുകളും പിന്തുടരണമെന്നാണ് വിദ്യാർത്ഥിനികൾ ആവശ്യപ്പെടുന്നത്

കേരളത്തിൽ ആദ്യമായി ആർത്തവ അവധി നൽകാൻ തീരുമാനിച്ചത് കുസാറ്റാണ്. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് തീരുമാനം. നിലവിൽ 75% ഹാജരുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ ഇതിലും കുറവാണെങ്കിൽ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണു സാധാരണയായി ചെയ്യാറ്.

എന്നാൽ, ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട, അപേക്ഷ മാത്രം നൽകിയാൽ മതി. വിദ്യാർത്ഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകുന്നത്. സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രഫഷണല്‍ കോഴ്സുകള്‍ (നോണ്‍ ടെക്നിക്കല്‍) എന്നിവയിലെ 18 വയസ്സുകഴിഞ്ഞ വിദ്യാര്‍ഥിനികള്‍ക്കാണ് അറുപത് ദിവസത്തെ പ്രസവാവധി അനുവദിക്കുന്നത്.

പ്രസവത്തിനു മുന്‍പോ ശേഷമോ ഈ അവധി എടുക്കാം. പൊതുഅവധി ദിവസങ്ങളും സാധാരണ അവധി ദിവസങ്ങളും ഉള്‍പ്പെടെയായിരിക്കും അവധിയുടെ കാലയളവ് കണക്കാക്കുക. ഗര്‍ഭഛിദ്രം, ഗര്‍ഭാലസ്യം, ട്യൂബക്ടമി തുടങ്ങിയ സാഹചര്യങ്ങളില്‍ 14 ദിവസത്തെ അവധി അനുവധിക്കും.ആദ്യത്തെയോ രണ്ടാമത്തെയോ ഗര്‍ഭധാരണത്തിനു മാത്രമാണ് അവധി അനുവദിക്കുക. രജിസ്ട്രേറ്റ് മെഡിക്കല്‍ പ്രാക്ടീഷണറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് അവധി അനുവദിക്കാം.

അവധിക്കുശേഷം സ്വന്തം ബാച്ചിനൊപ്പം നിലവിലെ സെമസ്റ്ററില്‍ പഠനം തുടരാനാകും. 90 പ്രവൃത്തിദിനങ്ങളുള്ള ഒരു സെമസ്റ്ററില്‍ പരീക്ഷയെഴുതണമെങ്കില്‍ 75 ശതമാനം ഹാജര്‍ വേണമെന്നാണ് ചട്ടം. പി.ജി.ക്ക് പഠിക്കുന്ന പല വിദ്യാര്‍ഥിനികള്‍ക്കും ഗര്‍ഭകാലത്തും പ്രസവകാലത്തും ഹാജര്‍ നഷ്ടമായി പരീക്ഷയെഴുതാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഇത്തരത്തില്‍ പലര്‍ക്കും കോഴ്സ് മുഴുവനാക്കാന്‍ കഴിയാതെപോകുന്ന സാഹചര്യവുമുണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ തീരുമാനമെടുത്തത്.

0/Post a Comment/Comments