തില്ലങ്കേരിയിൽ പുലിയെ കണ്ടതായി റബ്ബർവെട്ട്‌ തൊഴിലാളി പ്രദേശവാസികൾ വാസികൾ ആശങ്കയിൽ

ഇരിട്ടി: റബ്ബർ വെട്ടിനിടെ തില്ലങ്കേരി പഞ്ചായത്തിലെ ജനവാസ മേഖലയായ വാഴക്കാൽ ഊർപ്പള്ളിയിലെ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി പ്രദേശവാസിയായ തൊഴിലാളി. രണ്ടാഴ്ച്ചക്കിടയിൽ മേഖലയിലെ ആറോളം പ്രദേശങ്ങളിലാണ് ഗ്രമാവാസികൾ പുലിയെ നേരിട്ടു കാണുന്നത്. പുലിയുടെ സാന്നിധ്യം ഉറപ്പിക്കുന്ന രീതിയിൽ പഞ്ചായത്തിലെ നാലിടങ്ങളിൽ കാട്ടു പന്നിയുടേയും കുറുക്കന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെ പുലിയുടെ സ്ഥിര സാന്നിധ്യം മേഖലയിലെ ജനങ്ങളിൽ ഭീതി പരത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുല്ലാട്ടുംഞാലിലും ആലാച്ചിയിലും കാട്ടു പന്നിയെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്ത് പരിശോധന നടത്തിയ വനംവകുപ്പ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ പുലിയാകാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ക്യാമറ സ്ഥാപിച്ചെങ്കിലും പന്നിയുടെ ജഡം കിടന്ന സ്ഥലത്ത് തെരുവുനായ്ക്കളുടെ ദൃശ്യമാണ് ക്യാമറയിൽ പതിഞ്ഞത്.
വാഴക്കാൽ ഊർപ്പള്ളിയിൽ ചൊവ്വാഴ്ച പുലർച്ചെ വീണ്ടും പുലിയെ കണ്ടതോടെ ജനങ്ങളിൽ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. ഏക്കർ കണക്കിന് റബർതോട്ടങ്ങൾ നിറഞ്ഞ മേഖലയാണ് ഇവിടം. ടാപ്പിംങ്ങ് തൊഴിലാളിയായ അപ്പച്ചനും ഭാര്യ ഗിരിജയുമാണ് പുലർച്ചെ അഞ്ചരയോടെ റബ്ബർ വെട്ടിനിടയിൽ പുലിയെ കണ്ടത്. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ അജ്ഞാത ജീവി കടിച്ചുകൊന്ന പുല്ലാട്ടുംഞാലിൽ നിന്നും ഒരു കിലോമീറ്റർ താഴെ ദൂരമെ ഊർപ്പള്ളിയിലേക്ക് ഉള്ളു. ടാപ്പിംങ്ങ് നടത്തുന്നതിനിടയിൽ കാട്ടുപന്നി ഓടുന്നത് കണ്ടു ശ്രദ്ധിച്ചപ്പോഴാണ് റബർ മരങ്ങൾക്കിടയിലൂടെ പുലി നടന്നു വരുന്നത് ഇരുവരുടേയും ശ്രദ്ധയിൽപ്പെട്ടത്. ഇരുവരും ടാപ്പ് ചെയ്യുന്ന റബർ മരത്തിൽ നിന്നും 20 മീറ്റർ പോലും അകലം ഉണ്ടായിരുന്നില്ല. ടോർച്ചിന്റെ വെട്ടം കണ്ടപാടെ പുലി മറ്റൊരു വഴിയിലൂടെ സമീപത്തെ കുറ്റികാട്ടിലേക്ക് മറയുകയായിരുന്നു. പുലിയെ കണ്ടതോടെ ടാ്പ്പിംങ്ങ് നിർത്തി ഷെഡിലേക്ക് പോവുകയും നേരം വെളുത്തതിന് ശേഷമാണ് ടാപ്പിംങ്ങ് തുടങ്ങിയതെന്നും അപ്പച്ചൻ പറഞ്ഞു.
തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. രതീഷ്, വാർഡ് അംഗം എം. മനോജ് എന്നിവരും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

0/Post a Comment/Comments