തില്ലങ്കേരിയിൽ രണ്ടിടങ്ങളിൽ കാട്ടുപന്നിയുടെ ജഡം പുലി പിടികൂടിയതെന്ന് സംശയം ജാഗ്രത പാലിക്കാൻ നിർദ്ദേശം


ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ രണ്ടിടങ്ങളിലായി കഴിഞ്ഞ രാത്രി കാട്ടുപന്നികളെ അജ്ഞാത ജീവി കടിച്ച് കൊന്ന  നിലയിൽ കണ്ടെത്തി. തില്ലങ്കേരി ടൗണിനടുത്ത് പുല്ലാട്ടുംഞാലിലും  ആലാച്ചിയിലുമാണ് കാട്ടുപന്നികളുടെ ജഡം കണ്ടെത്തിയത്. തില്ലങ്കേരി പുല്ലാട്ടുംഞാലിൽ പി.എം. വേണുവിന്റെ കൃഷിയിടത്തിലാണ് കാട്ടുപന്നിയെ അജ്ഞാത ജീവി കൊന്ന് പകുതി ഭാഗം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആലാച്ചിയിൽ  കാട്ടുപന്നിയുടെ ജഡത്തിൽ  ചെവിയുടെ പുറകിൽ രണ്ട് പല്ലുകൾ ഇറങ്ങിയതിന്റെ പാടുകളും കണ്ടെത്തി. രണ്ടിടത്തും വനം വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി. 
ഇവയെ കണ്ടെത്തിയ ഈ മേഖലയിൽ നായക്കൂട്ടങ്ങൾ കടിപിടികൂടുന്ന  ശബ്ദം കേട്ടതായി  പ്രദേശവാസികൾ പറയുന്നുണ്ടെങ്കിലും കാട്ടുപന്നിയെ പുലി പോലുള്ള ജീവി പിടിക്കാനുള്ള സാധ്യതയാണ് സംശയിക്കുന്നത്. ആശങ്ക അകറ്റുന്നതിനായി പ്രദേശത്ത് ക്യാമറ സ്ഥാപിക്കുവാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് തില്ലങ്കേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിയേരി ചന്ദ്രൻ പറഞ്ഞു. 
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ തില്ലങ്കേരിയിലെ മാമ്പറത്തും കാർക്കോടും പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറഞ്ഞിരുന്നു. കാർക്കോട് പട്ടിയുടെ തലയും, മാമ്പറത്ത് കുറുക്കന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തില്ലങ്കേരി മേഖലയിൽ പുലി ഉണ്ടെന്നുള്ള സംശയം പഞ്ചായത്ത് അധികൃതർക്കും വനപാലകർക്കും ഉണ്ടായിരിക്കുന്നത്. മേഖലയിൽ ഒരു മാസത്തിലധികമായി കടുവ, പുലി ഭീഷണി നിലനിൽക്കുന്നുണ്ട്. മട്ടന്നൂർ അയ്യല്ലൂരിൽ പുലിയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞിരുന്നു. ആറളം ഫാമിൽ മൂന്ന് ആഴ്ച മുൻപ് എത്തിയ കടുവ ഇനിയും വന്യജീവി സങ്കേതം കടന്നതായി സ്ഥിരീകരണവും ഇല്ല. ഈ മേഖലയിൽ വനം ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിലിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

0/Post a Comment/Comments