ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐ. മെൽബൺ സീറോമലബാർ രൂപതാമെത്രാൻ




കാക്കനാട്: ഓസ്ട്രേലിയായിലെ മെൽബൺ ആസ്ഥാനമാക്കിയുള്ള സെന്റ് തോമസ് സീറോമലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാദർ ജോൺ പനന്തോട്ടത്തിൽ സി.എം.ഐ.യെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം 2023 ജനുവരി പതിനാലാം തിയതി ശനിയാഴ്ച ഇറ്റാലിയൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു 4.30-ന് സീറോമലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമ സിലും ഓസ്ട്രേലിയൻ സമയം രാത്രി 10 മണിക്കു മെൽബൺ രൂപതാകേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി.1966 മെയ് 31-ന് തലശ്ശേരി അതിരൂപതയിലെ പെരുമ്പുന്ന ഇടവകയിൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകനായി ജോൺ പനന്തോട്ടത്തിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സി എം ഐ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ ചേർന്നു. മേരിക്കുന്ന് സെന്റ് തോമസ് നോവിഷ്യേറ്റ് ഹൗസിലാണ് നോവിഷ്യേറ്റ് പൂർത്തിയാക്കിയത്. ബെംഗളുരു ധർമാരാം കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും അഭ്യസിച്ചു. 1997 ഡിസംബർ 28 -നായിരുന്നു പൗരോഹിത്യസ്വീകരണം. താമരശ്ശേരി രൂപതയിൽ കൂടരഞ്ഞി ഇടവകയിലെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും എംഎഡും കരസ്ഥമാക്കി.

സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ നാഷ്വിൽ ലത്തീൻ രൂപതയിലെ സേവനത്തിനു ശേഷം ഓസ്ട്രേലിയയിൽ ബ്രിസ്ബൻ അതിരൂപതയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിലും റീജെന്റ്സ് പാർക്കിലെ സെന്റ് ബെർനഡൈൻ പള്ളിയിലും സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ആസ് ലിയിലെ ഔർ ലേഡി ആൻഡ് സെന്റ് ഡിംപ്നാ പള്ളിയിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

2020-ൽ കേരളത്തിലേക്ക് മടങ്ങിയ ഫാ. ജോൺ മാനന്തവാടി രൂപതയിൽ നിരവിൽ പുഴയിലെ സെന്റ് ഏലിയാസ് ആശ്രമത്തിന്റെ പ്രിയോറായും സെന്റ് ഏലിയാസ് പള്ളിയുടെ വികാരിയായും സേവനം ചെയ്തുവരുന്നതിനോടൊപ്പം മക്കിയാടുള്ള സെന്റ് ബെനഡിക്റ്റൻ ആശ്രമത്തിൽ ഇംഗ്ലീഷ് അദ്ധ്യാപനവും നിർവ്വഹിച്ചു വരികയായിരിന്നു.

0/Post a Comment/Comments