സ്വര്‍ണ നികുതി വെട്ടിച്ചാല്‍ കുടുങ്ങും , ഇ വേ ബില്‍ കര്‍ശനമാക്കും ; കര്‍ശന നടപടിയുമായി സര്‍ക്കാര്‍




സ്വര്‍ണനികുതി വെട്ടിപ്പിനെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. കേരളത്തില്‍ വര്‍ഷത്തില്‍ ഒന്നരലക്ഷം കോടി രൂപയുടെ സ്വര്‍ണവ്യാപാരമാണ് നടക്കുന്നത്.


യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണെന്നാണ് വിലയിരുത്തല്‍. മൂന്ന് ശതമാനമാണ് സ്വര്‍ണത്തിന്റെ ജിഎസ്ടി. ഒന്നരലക്ഷം കോടിയുടെ വിറ്റുവരവായാല്‍പ്പോലും വര്‍ഷം 4500 കോടി രൂപ ജിഎസ്ടി ലഭിക്കണം. ഇതില്‍ സംസ്ഥാനത്തിന് ലഭിക്കേണ്ടത് കുറഞ്ഞത് 2250 കോടിയും. 2021–-22ല്‍ 344 കോടി രൂപ മാത്രമാണ് ജിഎസ്ടി വരുമാനമായി സംസ്ഥാനത്തിന് ലഭിച്ചത്. ഈ വര്‍ഷത്തെ സ്ഥിതിയിലും വ്യത്യാസമില്ല. 

ഇതിനുപുറമെ പഴയ സ്വര്‍ണത്തിന്റെ കൈമാറ്റം എന്നപേരിലും വന്‍ കച്ചവടം നടക്കുന്നുണ്ട്. വ്യാപാരികളില്‍ ചിലര്‍ സ്വര്‍ണം വാങ്ങുന്നവരില്‍നിന്ന് നികുതി ഈടാക്കിയ ശേഷം ഇത് സ്വന്തമാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെതിരെയെല്ലാം കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍.


ഇ വേ ബില്‍ 
കര്‍ശനമാക്കും

സ്വര്‍ണനികുതി വെട്ടിപ്പ് തടയാന്‍ സംസ്ഥാനത്തിനകത്ത് ഇ–-വേ ബില്‍ കര്‍ശനമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. രേഖയില്ലാത്ത സ്വര്‍ണം കണ്ടെത്തിയാല്‍ പിടിച്ചെടുക്കും. പുനഃസംഘടനയോടെ ജിഎസ്ടി വകുപ്പ് ശക്തമായിട്ടുണ്ട്. സ്വര്‍ണമേഖലയില്‍ ഓഡിറ്റ് ഉള്‍പ്പെടെ പല ശാസ്ത്രീയ മാര്‍ഗവും സജ്ജമാക്കും. പതിനായിരം രൂപയില്‍ അധികം കച്ചവടമുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയില്‍ ജിഎസ്ടി കണക്ക് പരിധിയില്‍ വരുന്നതാണ്. രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ധാരാളം സ്ഥാപനങ്ങളുണ്ട്. ചെറിയ കടയാണെന്ന പരിഗണന ഇനി ഉണ്ടാകില്ല. പിരിക്കുന്ന നികുതി സര്‍ക്കാരിന് കൈമാറേണ്ടത് കച്ചവടക്കാരുടെ ബാധ്യതയാണ്. അത് കൃത്യമായി നിര്‍വഹിക്കാത്തവര്‍ക്കെതിരെ കര്‍ശന നിലപാട് തുടരും.

0/Post a Comment/Comments