ഉളിക്കൽ: വട്ട്യംതോട് - മാട്ടറ റോഡിൽ കടമനക്കണ്ടി വളവിൽ വിദ്യാർത്ഥികളെയും കയറ്റി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഐറിസ് ഓട്ടോറിക്ഷയിൽ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മാട്ടറ സ്വദേശി പുൽപ്പറയിൽ തോമസ് വർഗ്ഗീസ് (49 ) ആണ് മരിച്ചത്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മണിക്കടവ് സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂളിലെ ആറ് കുട്ടികൾക്കും ബസ്സിൽ സഞ്ചരിച്ച മാട്ടറ കാരീസ് യു പി സ്‌കൂളിലെ അഞ്ച് കുട്ടികൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളെ ഇരിട്ടയിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു അപകടം. മാട്ടറയിൽ നിന്നും വിദ്യാർത്ഥികളുമായി മണിക്കടവ് സ്‌കൂളിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. മാട്ടറയിൽ നിന്നും മണിക്കടവിലേക്കു എളുപ്പത്തിൽ എത്താമെന്നിരിക്കെ മാട്ടറ - മണിക്കടവ് റോഡിൽ പ്രവർത്തി നടക്കുന്നതിനാൽ റോഡ് അടച്ചിട്ടിരിക്കുകയാണ്. ഇതുകാരണം വട്ട്യംതോട് വഴി ചുറ്റിയാണ് വാഹനങ്ങൾ പോകുന്നത്. നിരന്തരം അപകടങ്ങളുണ്ടാകുന്ന കൊടും വളവിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ ഡ്രൈവർ ഇരിക്കുന്ന ഭാഗം പൂർണ്ണമായും തകർന്നു. സാരമായി പരിക്കേറ്റ തോമസിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണമടയുകയായിരുന്നു. കുട്ടികളുടെ പരിക്കുകൾ സരമുള്ളതല്ല എന്നാണ് അറിയുന്നത്.
മിനിയാണ് മരണമടഞ്ഞ തോമസിന്റെ ഭാര്യ. മക്കൾ: ആൽബിൻ, അലീന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് മാട്ടറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
Post a Comment