കണ്ണൂർ: ജില്ലയിലെ ഹൈസ്‌കൂളുകൾക്ക് പുതിയ 2119 ലാപ്ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലഭ്യമാക്കും. ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ നൽകിയ 10325 ലാപ്ടോപ്പുകൾക്ക് പുറമെയാണ് അഞ്ച് വർഷത്തെ വാറണ്ടിയുള്ള ലാപ്ടോപ്പുകൾ നൽകുന്നത്.
ഇതിനു പുറമെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനഃക്രമീകരണം നടത്തി 919 ലാപ്ടോപ്പുകളും സ്‌കൂളുകൾക്ക് കൈറ്റ് നൽകി.
അഞ്ചു വർഷ വാറണ്ടി തീരുന്ന ലാപ്ടോപ്പുകൾക്കും പ്രൊജക്ടറുകൾക്കും രണ്ട് വർഷത്തെ ആന്വൽ മെയിൻറനൻസ് കോൺട്രാക്ട് (എഎംസി) പരിരക്ഷയും കൈറ്റ് ഉറപ്പാക്കുമെന്ന് സി ഇ ഒ കെ അൻവർ സാദത്ത് അറിയിച്ചു.
ഈ കാലയളവിനുള്ളിലെ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്‌കൂളുകൾ വെബ് പോർട്ടലിൽ നൽകണം.
മുഴുവൻ ഉപകരണങ്ങൾക്കും പ്രകൃതിക്ഷോഭം മൂലമുള്ള കേടുപാടുകൾ, മോഷണം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും ഉണ്ട്.
സ്‌കൂളുകളിലേക്ക് സർക്കാരിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സ്‌കൂളുകൾക്കായി പുറപ്പെടുവിച്ചിട്ടുളള സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്നും കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ സ്വകാര്യ സെർവറുകളിൽ സൂക്ഷിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ നടത്താൻ പാടില്ലെന്നും മാർഗനിർദേശങ്ങളിലുണ്ട്.
Post a Comment