കെ.എസ്.ഇ.ബി കരാര്‍ ലൈന്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി




തൃശൂര്‍: സംഘടനകള്‍ നടത്തിയ രണ്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അവശേഷിക്കുന്ന കരാര്‍ ലൈന്‍ വര്‍ക്കേഴ്സിനെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ കെ.എസ്.ഇ.ബിക്ക് അനുമതി നല്‍കി.


മസ്ദൂര്‍, ലൈന്‍ വര്‍ക്കേഴ്സ് തസ്തികയില്‍ 2019 ജൂണ്‍ 12ന് പ്രസിദ്ധപ്പെടുത്തിയ 2450 പേരുടെ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ അവശേഷിക്കുന്ന 933 കരാര്‍ ലൈന്‍ തൊഴിലാളികളുടെ പട്ടികയില്‍ നിന്നാണ് നിയമനം നടത്തുക. ഇതിന് സമിതി രൂപവത്കരിച്ച്‌ നടപടിയെടുക്കാന്‍ ജോയന്റ് സെക്രട്ടറി ടി.വി. ശ്രീലാല്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.


2004ലെ വ്യവസായ ൈട്രബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ കരാര്‍ ജീവനക്കാരില്‍നിന്ന് 1200 ദിവസം ജോലി ചെയ്തവരെയായിരുന്നു പരിഗണിച്ചത്. വിജ്ഞാപന സമയത്ത് 10ാം ക്ലാസ് തോറ്റവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന പരീക്ഷ കോടതി നടപടികളെത്തുടര്‍ന്ന് 10ാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്കുകൂടി എഴുതാന്‍ അവസരം ലഭിച്ചതോടെയാണ് ഇരുവിഭാഗമായി തിരിഞ്ഞ് നിയമവഴികള്‍ തേടിയത്. 


സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്‌ വരെയെത്തിയ നിയമപോരാട്ടത്തിനിടെ 2019ല്‍ ഒരുഘട്ടം നിയമനം നടന്നിരുന്നു. ആദ്യഘട്ടത്തില്‍ കെ.എസ്.ഇ.ബി നിലപാടും ഹൈകോടതിവിധിയും 10ാം ക്ലാസ് തോറ്റവരോടൊപ്പമായിരുന്നെങ്കില്‍ സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ 10ാം ക്ലാസ് യോഗ്യതയുള്ളവരെകൂടി പരിഗണിക്കാന്‍ വിധിക്കുകയായിരുന്നു. അതേസമയം, ലിസ്റ്റിലുള്‍പ്പെട്ട മറുവിഭാഗത്തിന് മാനുഷിക പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇക്കാലയളവില്‍ നിയമന നടപടികള്‍ മരവിച്ചു. സി.ഇ.എ (സെന്‍ട്രല്‍ ഇലക്‌ട്രിസിറ്റി അതോറിറ്റി-2010 ) നടപടികളുടെ ഭാഗമായി നിയമനങ്ങളില്‍ ഐ.ടി.ഐ യോഗ്യത നിഷ്കര്‍ഷിച്ചതനുസരിച്ച്‌ ഒരുവിഭാഗം തുടര്‍ നിയമനടപടി തുടങ്ങി. 2020 സെപ്റ്റംബര്‍ 23ന് കേസ് പരിഗണിച്ച ഹൈകോടതി കെ.എസ്.ഇ.ബിയോട് ഉദ്യോഗാര്‍ഥികളെ വിലയിരുത്തി നിയമന നടപടികളുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു. 


നീണ്ട നിയമന നടപടികളുടെ ഭാഗമായി വീണ്ടും 2022 ഒക്ടോബര്‍ ഏഴിന് കേസ് പരിഗണിച്ച ഹൈകോടതി 90 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കണമെന്ന് ഉത്തരവിട്ടു. 2022 ഒക്ടോബര്‍ 29 ന് റാങ്ക് പട്ടികയിലുള്ളവരുടെ ഹിയറിങ് നടത്തി. കഴിഞ്ഞ ദിവസം നിലവിലെ നിയമന മാനദണ്ഡം പാലിച്ച്‌ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച്‌ കെ.എസ്.ഇ.ബിയിലെ മസ്ദൂര്‍ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ട ഉത്തരവിറങ്ങുകയും ചെയ്തു. ലിസ്റ്റിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

0/Post a Comment/Comments