കസ്റ്റമർ കെയറിൽ വിളിക്കുമ്പോൾ പ്രത്യേകം "കെയർ" വേണം; കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്




വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് ഓൺലൈൻ പണം തട്ടിപ്പ് നടക്കുന്ന സംഭവങ്ങൾ  റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കുക..


 ഓൺലൈൻ ഇടപാടുകളിൽ  പണം നഷ്ടപ്പെടുമ്പോഴോ  ഓൺലൈൻ റീച്ചാർജിംഗിനിടയിൽ പണം നഷ്ടമായാലോ  ഇത് സംബന്ധിച്ച സംശയങ്ങൾക്ക്  ഔദ്യോഗിക സൈറ്റുകൾ കണ്ടെത്താൻ ശ്രമിക്കാതെ ഗൂഗിളിൽ തിരയുന്നവരാണ് ഇത്തരം തട്ടിപ്പിനിരയാകുന്നത്. 


ഒറിജിനലിനെ വെല്ലുന്ന  വ്യാജ വെബ്സൈറ്റ് നിർമിച്ച് ഇതിൽ കസ്റ്റമർ കെയർ നമ്പറുകൾ പ്രദർശിപ്പിച്ചാണ് തട്ടിപ്പുകാർ വല വിരിക്കുന്നത്. യഥാർഥ കസ്റ്റമർ കെയർകാരോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടേത്. വ്യാജ വെബ്സൈറ്റുകൾ ഗൂഗിളിൽ ആദ്യം ലിസ്റ്റ് ചെയ്യുന്ന രീതിയിൽ തയ്യാറാക്കിയാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നത്.  പരാതി പറയുന്നതോടെ പണം തിരികെ നൽകാമെന്നറിയിക്കും. ഇതിനിടെ ബാങ്കിംഗ്  സംബന്ധമായ രഹസ്യവിവരങ്ങൾ ഇവർ ചോദിച്ചു വാങ്ങും. പണം തിരികെ നൽകാൻ ഇത് അത്യാവശ്യമെന്ന് പറയുന്നതോടെ ഇടപാടുകാരൻ കുടുങ്ങുന്നു. കസ്റ്റമർ കെയർ ആണെന്നു കരുതി ഭൂരിഭാഗവും പേരും തങ്ങളുടെ വിവരങ്ങളും കൈമാറുന്നു.  ഈ വിവരങ്ങൾ ഉപയോഗിച്ച്  ബാങ്ക് അക്കൗണ്ടിലുള്ള  പണം സംഘം തട്ടിയെടുക്കുന്നു. 


ബാങ്കിനെ ബന്ധപ്പെടാനുള്ള നമ്പർ, എല്ലായ്പ്പോഴും   ഡെബിറ്റ് /ക്രെഡിറ്റ് കാർഡിന് പുറകിൽ നിന്നോ അതിനോടൊപ്പം  വരുന്ന ബാങ്കിന്റെ രേഖകളിൽ നിന്നോ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ മാത്രം ശേഖരിക്കുക. കസ്റ്റമർ കെയർ നമ്പറുകൾ ഔദ്യോഗിക സൈറ്റുകളിൽ നിന്നാണ് എടുക്കുന്നത് എന്ന് ഉറപ്പുവരുത്തുക. OTP , CVV , പാസ്സ്‌വേർഡ് PIN  തുടങ്ങി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെയോ   മറ്റു വ്യക്തിഗത വിവരങ്ങളോ മറ്റാരുമായും പങ്കുവെക്കരുത്.  


ഡിജിറ്റൽ സേവനങ്ങൾ സൗകര്യപ്രദവും സുരക്ഷിതവും ആണ്.  ധനനഷ്ടത്തിന് ഇടയാകാതെ  ജാഗ്രതയോടെ അവ ഉപയോഗിക്കുക.


#keralapolice


0/Post a Comment/Comments