കൊച്ചി: സീബ്രാലൈനുകളിൽ പ്രഥമ പരിഗണന കാൽനടയാത്രക്കാർക്കെന്ന് ഹൈക്കോടതി. സീബ്രാലൈനുകളിൽ അപകടമുണ്ടായാൽ ഉത്തരവാദിത്വം അപകടമുണ്ടാക്കിയ വാഹത്തിന്റെ ഡ്രൈവർക്കായിരിക്കുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ജംഗ്ഷനുകളിലും സീബ്രലൈനുള്ള ഭാഗത്തും വാഹനങ്ങളുടെ വേഗം കുറയ്ക്കാൻ ഡ്രൈവർമാർക്ക് നിയമപരമായി ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രധാന റോഡുകളിലെല്ലാം സീബ്രാലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
കോഴിക്കോടു സ്വദേശിനി ഡൊറീന റോള മെൻഡെൻസ (50) കണ്ണൂർ ചെറുകരയിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ പൊലീസ് ജീപ്പിടിച്ചു മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന തലശേരി എംഎസിടിയുടെ വിധിക്കെതിരെ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പു നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻറെ ഉത്തരവ്. ആശ്രിതർക്ക് 48.32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു തലശേരി എംഎസിടിയുടെ ഉത്തരവ്.
2015 ഫെബ്രുവരി 10നാണ് എൽപി സ്കൂൾ പ്രധാനാധ്യാപികയായിരുന്ന ഡൊറീന അപകടത്തിൽപ്പെട്ടത്. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതാണ് അപകടകാരണമെന്നാണ് സർക്കാർ വാദം. ഇത് കണക്കിലെടുക്കാതെയാണ് ട്രൈബ്യൂണൽ നഷ്ടപരിഹാരത്തുക നിശ്ചയിച്ചതെന്നും വാദിച്ചു. എന്നാൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സീബ്രാ ലൈനിൽ വാഹനം നിർത്തുകയോ വേഗം കുറയ്ക്കുകയോ ചെയ്യണമെന്ന് നിയമമുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. തുടർ റിപ്പോർട്ടിനായി മാർച്ച് 10നു ഹർജി വീണ്ടും പരിഗണിക്കും.
Post a Comment