സ്വര്‍ണം പൂശിയ പാന്റും ബനിയനും ധരിച്ചെത്തി; ഒരു കോടിയുടെ സ്വര്‍ണം പിടികൂടി




ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരുകോടിയോളം വിലവരുന്ന സ്വര്‍ണം പോലീസ് പിടികൂടി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ വടകര സ്വദേശി മുഹമ്മ‍ദ് സഫ്‍വാനാണ് പോലീസിന്‍റെ പിടിയിലായത്. 


ഇന്‍ഡിഗോ വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കോഴിക്കോട് വടകര സ്വദേശി മുഹമ്മ‍ദ് സഫ്‍വാനാണ് സ്വർണം കടത്തിയത്. മിശ്രിതരൂപത്തിലാക്കിയ സ്വര്‍ണം ധരിച്ചിരുന്ന പാന്‍റ്സിലും ഇന്നര്‍ ബനിയനിലും ബ്രീഫിലും ഉള്‍ഭാഗത്തായി സ്വര്‍ണ മിശ്രിതം തേച്ച് പിടിപ്പിച്ചാണ് സഫ്‍വാന്‍ കടത്തിയത്.


കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി വിമാനത്താവള ടെര്‍മിനലിന് പുറത്തിറങ്ങിയ ശേഷമാണ് പൊലീസ് സ്വര്‍ണം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന പൊലീസ് മുഹമ്മദ് സഫ്‍വാനെ കസ്റ്റ‍‍ഡിയിലെടുക്കുകയായിരുന്നു. 


1.75 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വിപണി വിലയനുസരിച്ച് ഇതിന് ഒരു കോടിയോളം വിലവരും. ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന പന്ത്രണ്ടാമത്തെ കേസാണിത്.

0/Post a Comment/Comments