മാക്കൂട്ടം പാതയിൽ മാലിന്യം തള്ളൽ നടപടികൾ കർശനമാക്കി കുടക് വന്യജീവി സങ്കേതം അധികൃതർ

 

ഇരിട്ടി: മാക്കൂട്ടം ചുരം പാതയിലെ വനമേഖലകളിൽ മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി നടപടികൾ കർശനമാക്കി കുടക് വന്യജീവി സങ്കേതം അധികൃതർ. ഇതുസംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വനപാലക സംഘം  മാലിന്യം തള്ളുകയായിരുന്ന  രണ്ടു വാഹനങ്ങൾ പിടികൂടി. ഇതിൽ ആന്ധ്രാ പ്രദേശ് രജിസ്‌ട്രേഷനിലുള്ള ലോറി കസ്റ്റഡിയിൽ എടുക്കുകയും ലോറിയിലുണ്ടായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തു. ബുധനാഴ്ച പിടികൂടിയ മറ്റൊരു  ലോറിയിൽ ഉണ്ടായിരുന്നവരിൽ നിന്നും പതിനായിരം രൂപ ഫൈനായും ഈടാക്കി. 
കേരളത്തിൽ ലോഡിറക്കി തിരിച്ചു പോകുന്ന വാഹനങ്ങളാണ് നിരന്തരമായി മാക്കൂട്ടം ചുരം പാതയിലെ വന മേഖലകളിൽ ഇങ്ങിനെ മാലിന്യം തള്ളുന്നതായി പരാതി ഉയർന്നത്. കർണ്ണാടക മുഖ്യമന്ത്രിക്കടക്കം പരാതി പോവുകയും അവിടുത്തെ പത്രങ്ങളിൽ ഇത് വാർത്തയാവുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് കർണ്ണാടക വനം വകുപ്പും  വന്യജീവി സങ്കേതം അധികൃതരും ഇത്തരം മാലിന്യ നിക്ഷേപം നടത്തുന്നവരെ കണ്ടെത്താൻ  കർശന പരിശോധനയുമായി മുന്നോട്ട് വന്നത്. 
കൂട്ടുപുഴ പാലം കടന്നാൽ 16 കിലോമീറ്ററോളം വരുന്ന മാക്കൂട്ടം ചുരം പാത കടന്നുപോകുന്നത് ബ്രഹ്മഗിരി വന്യജീവി സങ്കേതം ഉൾപ്പെടുന്ന വന മേഖലയിലൂടെയാണ്. തലശ്ശേരി , കണ്ണൂർ നഗരങ്ങളിലടക്കം ലോഡിറക്കി പോകുന്ന വാഹനങ്ങളിൽ ചെറിയ തുക നൽകി മാലിന്യം കയറ്റി വിടുകയും ഇവ മാക്കൂട്ടം വനമേഖലകളിൽ തള്ളുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പിടികൂടി പിഴയീടാക്കിയ ലോറിക്കാർക്ക് കൂത്തുപറമ്പിൽ നിന്നുമാണ് 100 രൂപ നൽകി മാലിന്യം കയറ്റി വിട്ടത് എന്നാണ് അറിയുന്നത്. മാക്കൂട്ടം ചുരം പാതയിൽ അധികൃതർ പരിശോധന കർശനമാക്കിയതോടെ ഇതറിയാതെ മാലിന്യവുമായി പോകുന്ന നിരപരാധികളാണ് ജയിലിലും വലിയ തുക പിഴ നൽകുന്നതിലും വന്ന് പെടുന്നത്. വരും ദിവസങ്ങളിലും ചുരം പാതയിൽ കർശന പരിശോധന നടത്താൻ തന്നെയാണ് കർണ്ണാടക വനം - വന്യജീവി വകുപ്പധികൃതരുടെ തീരുമാനം.

0/Post a Comment/Comments