മിക്‌സഡ്‌ സ്‌കൂൾ: മാർഗരേഖ പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ ബോയ്സ്, ഗേൾസ് സ്കൂളുകൾ മിക്സഡാക്കാൻ തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അംഗീകാരം വേണം. ആൺകുട്ടികളുടെതും പെൺകുട്ടികളുടെതും മാത്രമായും പ്രവർത്തിക്കുന്ന പൊതുവിദ്യാലയങ്ങൾ മിക്സഡാക്കുമ്പോൾ കെഇആർ വ്യവസ്ഥകൾ പ്രകാരം മതിയായ ക്ലാസ്റൂമുകളും ഫർണിച്ചറുകളും കുടിവെള്ളം, പ്രത്യേക ടോയ്ലറ്റ് സൗകര്യം എന്നിവ ഉറപ്പാക്കുന്നതടക്കം മാനദണ്ഡങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. അധികം വിദ്യാർഥികളെ ഉൾകൊള്ളാനുള്ള കളിസ്ഥലവും ഉണ്ടാകണം.

സർക്കാർ സ്കൂളുകൾക്ക് പിടിഎയുടെ അപേക്ഷ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അംഗീകാരം, ഡിഇഒ, എഇഒ എന്നിവരുടെ ശുപാർശയും വേണം. എയ്ഡഡ് സ്കൂളുകൾക്ക് ഇവയ്ക്ക് പുറമെ മാനേജരുടെ അപേക്ഷയും വേണം. ഇവിടങ്ങളിൽ നാല് അധ്യായന വർഷത്തേക്ക് സംരക്ഷിത അധ്യാപകര നിയമിക്കാമെന്ന സത്യവാങ്മൂലം 200 രൂപയുടെ മുദ്രപ്പത്രത്തിൽ മാനേജർ ഒപ്പിട്ട് ബന്ധപ്പെട്ട വിഭ്യാഭ്യാസ ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകണം.

അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടർ മുഖാന്തരമാണ് സമർപ്പിക്കേണ്ടത്. ഇതോടൊപ്പം സ്കൂളിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള മറ്റു വിഭ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങളും നൽകണം. സ്കൂൾ മിക്സഡ് ആക്കിയാൽ തസ്തിക നിർണയത്തിന് സ്കൂൾ ഒറ്റ യൂണിറ്റായാണ് പരിഗണിക്കുമെന്നും മാർഗരേഖയിലുണ്ട്.


0/Post a Comment/Comments