ജനുവരിയിലെ ശമ്പളം; പത്ത് കോടി കടമെടുക്കാൻ കെഎസ്ആർടിസിക്ക് അനുമതി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ജനുവരി മാസത്തിലെ ശമ്പളം നൽകുന്നതിന് പത്ത് കോടി രൂപ വായ്പയെടുക്കാൻ സർക്കാർ അനുമതി നൽകി. ട്രാൻസ്പോർട്ട് വർക്കേഴ്സ് കോ- ഓപ്പറേറ്റീവ്സ് സൊസൈറ്റിയിൽ നിന്നാണ് കടമെടുക്കുന്നത്. മറ്റു ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകാത്ത സാഹചര്യത്തിലാണ് സൊസൈറ്റിയിൽ നിന്നു തന്നെ കടമെടുക്കാൻ അനുമതി നൽകിയത്. 


നേരത്തേയും ജീവനക്കാരുടെ സഹകരണ സംഘത്തിൽ നിന്ന്‌ വായ്പയെടുത്തിട്ടുണ്ട്. വായ്പയെടുത്ത ജീവനക്കാരുടെ വിഹിതം ശമ്പളത്തിൽ നിന്ന്‌ ഈടാക്കിയിരുന്നെങ്കിലും കെഎസ്ആർടിസി അടച്ചിരുന്നില്ല. വായ്പ അപേക്ഷിക്കുന്നതിനു മുന്നോടിയായി ഈ കുടിശിക തീർത്തിരുന്നു.


50 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ‌കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിക്ക് ഇത്തവണ സർക്കാരിന്റെ സഹായ ധനം ലഭിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിഹിതം കഴിഞ്ഞതിനാൽ അടുത്ത ബജറ്റിൽ നിന്നാണ് തുക ലഭിക്കേണ്ടത്. 


നിയമസഭയിൽ ധനാഭ്യർഥന ചർച്ച കഴിഞ്ഞാൽ മാത്രമേ ഇനി സർക്കാരിന് സാമ്പത്തിക സഹായം നൽകാൻ കഴിയുകയുള്ളൂ. ഭാഗികമായി ശമ്പളം നൽകാനുള്ള ശ്രമം പുരോഗമിക്കുകയാണ്. 50 കോടിയുടെ ബാങ്ക് ഓവർഡ്രാഫ്റ്റിന് സാധ്യത തേടുന്നുണ്ട്. 85 കോടിയാണ് ശമ്പള വിതരണത്തിനു വേണ്ടത്.


0/Post a Comment/Comments