ആറളം വിയറ്റ്നാമിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; സംഘത്തിനെതിരെ കേസ്




ഇരിട്ടി : ആറളം പഞ്ചായത്തിലെ വിയറ്റ്നാമിൽ എത്തിയ സായുധ മാവോയിസ്റ്റ് സംഘത്തിലെ നാലു പേരെ തിരിച്ചറിഞ്ഞതായി പോലീസ്. സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള കർണ്ണാടക സ്വദേശിയായ വിക്രം ഗൗഡ, ജിഷ, ജയണ്ണ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് ഇവിടെ എത്തിയതെന്ന് ആറളം എസ് ഐ ശ്രീജേഷ് പറഞ്ഞു. അഞ്ചാമത്തെ ആൾ സോമനാണെന്ന് സംശയിക്കുന്നു. ഇവർ 2016 ൽ വിയറ്റ്നാമിലെ രജനി എന്നവരുടെ വീട്ടിലെത്തി ഭക്ഷ്യ വസ്തുക്കൾ വാങ്ങിപ്പോയിരുന്നു. പോലീസ് സംഘം വനത്തിൽ തിരച്ചിൽ തുടരുകയാണ്.
ചൊവ്വാഴ്ച രാത്രിയിൽ ഏഴരയോടെയാണ് സായുധരായ ഒരു സ്ത്രീ അടക്കമുള്ള അഞ്ചംഗ സംഘം വിയറ്റ്നാമിലെ കോളനിയിലെ ഒരു വീട്ടിൽ എത്തിയത്. തങ്ങൾ മാവോയിസ്റ്റുകളാണെന്നും ആരെയും ഉപദ്രവിക്കില്ലെന്നും പറഞ്ഞ സംഘം ഇവിടെ നിന്നും ഭക്ഷണം കഴിക്കുകയും ഒന്നരമണിക്കൂറോളം ചിലവഴിക്കുകയും ചെയ്തു. അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ ആവശ്യപ്പെടുകയും ഇവ വാങ്ങി തൊട്ടടുത്ത വീട്ടിലും കയറിയാണ് മടങ്ങിയതെന്നാണ് വീട്ടുകാർ പോലീസിനും മൊഴി നൽകിയിട്ടുണ്ട്.
മുൻപും പലതവണ ആറളം പഞ്ചായത്തിൽ വിയറ്റ്നാമിലടക്കം മാവോയിസ്റ്റ് സാനിധ്യം ഉണ്ടായിട്ടുണ്ട്. കീഴ്പ്പള്ളി ടൗണിൽ പോസ്റ്റർ അടക്കം പതിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആറളം പോലീസ് സ്റ്റേഷനിലും ഇതുമൂലം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിയറ്റ്നാമിലെത്തിയ അഞ്ചംഗ സംഘത്തിനെതിരെ യു എ പി എ , ആംസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

0/Post a Comment/Comments