ഇനി ഒറ്റ സ്‌കാനിംഗ് മതി: ക്യുആർ കോഡ് സംവിധാനവുമായി റെയിൽവേ

അനുദിനം ഹൈടെക് ആയി മാറിക്കൊണ്ടിരിക്കുകയാണ് റെയിൽവേ സംവിധാനങ്ങൾ. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഓരോ ദിവസവും പുത്തൻ സാങ്കേതിക വിദ്യകളാണ് പരീക്ഷിക്കുന്നത്. ഇപ്പോഴിതാ ബിഹാറിലെ മുസാഫർപൂർ ജംഗ്ഷൻ ഹൈടെക്ക് ആയിരിക്കുകയാണ്. ട്രെയിനുകളുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ ക്യുആർ കോഡ് വഴി ഇപ്പോൾ ഈ റെയിൽവേ സ്റ്റേഷനിൽ ലഭ്യമാണ്.


അന്വേഷണ കൗണ്ടറിലെ തിരക്ക് ഇതുവഴി കുറയ്ക്കാനാകും. ഈ ടെക്നിക് ഉപയോഗിച്ച് ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മുസാഫർപൂരിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകളുടെയും വിവരങ്ങൾ ലഭ്യമാകും. ഇതിനായി യാത്രക്കാർ മൊബൈലിൽ നിന്ന് ഒരു തവണ മാത്രം ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മതിയാകും. ഇതിനുശേഷം അടുത്ത നാലുമണിക്കൂറിലുള്ള ട്രെയിനുകളുടെ വിവരങ്ങൾ ലഭ്യമാകും.

മുസാഫർപൂർ ജംഗ്ഷനിലെ അന്വേഷണ കേന്ദ്രത്തിൽ വലിയ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡും സ്ഥാപിച്ചിട്ടുണ്ട്, അവിടെ നിന്ന് യാത്രക്കാർക്ക് ട്രെയിനുകളുടെ വരവും പോക്കും സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ക്യുആർ കോഡ് സ്ഥാപിച്ചിട്ടുണ്ടെന്നും ഇതുവഴി യാത്രക്കാർക്ക് ഏറെ സൗകര്യം ലഭിക്കുന്നുണ്ടെന്നും അന്വേഷണ കേന്ദ്രത്തിലെ തിരക്ക് കുറഞ്ഞുവെന്നും റെയിൽവേ ഉദ്യോഗസ്ഥനായ ദിലീപ് കുമാർ പറഞ്ഞു. റെയിൽവേ യാത്രക്കാരും ഈ ക്രമീകരണത്തിൽ സന്തുഷ്ടരാണ്.

0/Post a Comment/Comments