കണ്ണൂർ : എടയന്നൂർ ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തി. 'എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും'' ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്. വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഎമ്മിന് പരാതി ലഭിച്ചു. മട്ടന്നൂരിലെ പാർട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളിൽ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്തതാണ് വിരോധമെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം.
പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തി, ചെയ്യിച്ചത് എടയന്നൂരിലെ നേതാക്കൾ'; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി
ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐയുടെ മറുപടി, തെളിവുകൾ പുറത്ത് വിട്ടു
കണ്ണൂർ : ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങുന്നതിന് വേണ്ടി ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഷാജറിന്റെ പാർട്ടി അംഗത്വം കളയാനായിരുന്നു ഈ നീക്കമെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു.
കഴിഞ്ഞ ഡിസംബറിലാണ് ഡിവൈഎഫ്ഐ നേതാവ് ഷാജർ, ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ആകാശ് തില്ലങ്കേരി അംഗമായ ടീമിന് ട്രോഫി നൽകിയത്. ആകാശാണ് ഷാജറിൽ നിന്നും ട്രോഫിയേറ്റുവാങ്ങിയത്. പിന്നാലെ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. സ്വർണ്ണക്കടത്ത്, കൊലപാതക കേസിലെ പ്രതിക്ക് ഡിവൈഎഫ്ഐ നേതാവ് ട്രോഫി നൽകിയെന്ന രീതിയിൽ വ്യാപകമായി വിമർശനവും ഉയർന്നു. എന്നാൽ ഷാജറിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും ടൂർണമെന്റ് സംഘടിപ്പിച്ച കമ്മറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവെന്നുമായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സമൂഹമാധ്യമങ്ങളിലും തുടരുകയാണ്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂർവ്വമുണ്ടാക്കിയതാണ് പ്രശ്നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളാണ് ഡിവൈഎഫ്ഐ പുറത്തുവിട്ടത്.
Post a Comment