സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികം ഏപ്രിൽ 11 മുതൽ 17 വരെ; സംഘാടക സമിതി രൂപീകരിച്ചു


കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികം ഏപ്രിൽ 11 മുതൽ 17 വരെ കണ്ണൂരിൽ വിപുലമായി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി സംഘാടക സമിതി രൂപീകരിച്ചു. 'എന്റെ കേരളം എക്സിബിഷൻ രണ്ടാം എഡിഷൻ' എന്ന പേരിൽ കണ്ണൂർ പൊലീസ് മൈതാനിയിലാണ് പ്രദർശനം നടത്തുക.  

ഡിപിസി ഹാളിൽ ചേർന്ന യോഗം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ പി മോഹനൻ എം എൽ എം അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, അസി. കലക്ടർ മിസാൽ സാഗർ ഭരത്, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ  രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.  

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, പട്ടികജാതി പട്ടികവർഗ-ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ജില്ലയിലെ എംപിമാർ, എംഎൽഎമാർ, കണ്ണൂർ മേയർ, കണ്ണൂർ റേഞ്ച് ഡിഐജി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ എന്നിവർ സംഘാടക സമിതി രക്ഷാധികാരികളാണ്.
ചെയർമാൻ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കോ. ചെയർപേഴ്‌സൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജനറൽ കൺവീനർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കോ ഓർഡിനേറ്റർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ.

'യുവതയുടെ കേരളം: കേരളം ഒന്നാമത്'എന്നതാണ് പ്രദർശനത്തിന്റെ തീം. വിവിധ സംരംഭങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സ്റ്റാളുകൾ, കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനം, ടൂറിസം പവലിയൻ, കിഫ്ബി സ്റ്റാൾ, ഫുഡ് കോർട്ട്, ചർച്ചകൾ നടത്താനുള്ള ഇടം, കുട്ടികൾക്കായുള്ള പ്ലേ ഏരിയ, കുടുംബശ്രീ, കെ ടി ഡി സി, സാഫ്, സെൻട്രൽ ജയിൽ, ദിനേശ് തുടങ്ങിയവയുടെ സ്റ്റാളുകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ മേളയിലുണ്ടാകും. 

വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികൾ, വിദ്യാഭ്യാസം, തൊഴിൽ, ആർട്ട് കൾച്ചർ, കൃഷി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയും പ്രദർശനത്തിന് എത്തുന്നവർക്ക് അറിയാനാകും. ഭിന്നശേഷിക്കാരെ സഹായിക്കാൻ അവരുടെ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ പ്രദർശവും വിൽപ്പനയും, മാലിന്യ ലഘൂകരണ പരിപാലന മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ്, മാലിന്യ സംസ്‌കരണ മാർഗങ്ങൾ, സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്താനും വിൽപ്പന നടത്താനുമുള്ള ഏരിയ എന്നിവയുമുണ്ടാകും.




0/Post a Comment/Comments